കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇനി കർശന നിയന്ത്രണമെന്ന്
അധികൃതർ.
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ജൂലൈ 17 ,25 തിയ്യതികളിലും ഐ സി യുവിൽ ജൂലൈ 25 നും പ്രസവ വാർഡിൽ ഓഗസ്റ്റ് നാലാം തിയ്യതിയിലും മെഡിക്കൽ വാർഡിൽ ഓഗസ്റ്റ് എട്ടാം തിയ്യതിയിലും പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് കോവിഡ് – 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആശുപത്രി സന്ദർശിക്കുന്നവർ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ . പ്രകാശ് കെ വി അറിയിച്ചു.
1) വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രി സന്ദർശിക്കുക .അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക .
2) ആശുപത്രിയിൽ വരുന്നവർ വായും മൂക്കും മറയുന്ന തരത്തിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കുക .ആളുകൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുക .ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്യേണ്ടതാണ് .
3) ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കൂടെ ഒരാൾ തന്നെ കൂട്ടിരിപ്പിനു വരേണ്ടതാണ് . കൂട്ടിരിപ്പിനു വരുന്നവർ മാറി വരാൻ പാടുള്ളതല്ല.
4) അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളുടെ കൂടെ പരിമിതമായ ആളുകൾക്ക് മാത്രമേ ആശുപത്രിയിൽ പ്രവേശനമുണ്ടാകൂ .ഇതുമായി ബന്ധപ്പെട്ടു ആശുപത്രിയിൽ നിയന്ത്രണങ്ങളുണ്ടാകും.
ജില്ലയിൽ സാമൂഹ്യ വ്യാപനം തടയുന്നതിന് പൊതുജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.