സ്വപ്ന കള്ളപ്പരാതി നൽകി കുരുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് എയര്‍ ഇന്ത്യ
മാധ്യമങ്ങളോട് പ്രതികരിച്ചെന്ന പേരിലാണ് എയർഇന്ത്യയിൽ ഓഫീസറായ എൽഎസ് സിബുവിനെ സസ്പെന്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് സിബു പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് വ്യാജ പരാതി നൽകി കുരുക്കാൻ ശ്രമിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മാധ്യമങ്ങളോട് പ്രതികരിച്ചെന്ന പേരിലാണ് ഓഫീസറായിരുന്ന എൽഎസ് സിബുവിനെ എയര്‍ഇന്ത്യ സസ്പെന്റ് ചെയ്തത് . എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എൽഎസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജപ്പരാതി നൽകിയത്.
എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കിയ കേസിൽ കേസിൽ സ്വപ്നയും എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികളാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. എയർഇന്ത്യാ ഉദ്യോഗസ്ഥരെയും കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സിബുവിനെതിരെ എയർ ഇന്ത്യയുടെ നടപടി.