മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ടില്ല; ശിവശങ്കര്‍ ഉപദേഷ്ടാവ് മാത്രം; മൊഴിയെ കുറിച്ച് സ്വപ്നയുടെ അഭിഭാഷകന്
കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന് ജിയോ പോള്‍. മുഖ്യമന്ത്രിയെ അറിയാമെന്നും എം.ശിവശങ്കര്‍ ഉപദേശകന് മാത്രമാണെന്നുമാണ് സ്വപ്ന പറഞ്ഞത്. സ്വപ്നയ്ക്കെതിരെ യു.എ.പി.എ നിലനില്‍ക്കില്ലെന്നും ജാമ്യഹര്‍ജിയില്‍ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ നടന്ന വാദത്തിനു ശേഷം പുറത്തുവന്ന അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു. ഹര്‍ജിയില്‍ കോടതി ഈ മാസം 10ന് വിധി പറയും.
സാമ്പത്തിക കുറ്റകൃത്യമായി മാത്രമേ കാണാവൂവെന്നും ഭീകരപ്രവര്‍ത്തനമായി കാണരുതെന്നും കോടതിയില്‍ ആവശ്യപ്പെട്ടതായി അഭിഭാഷകന് പറഞ്ഞു. പ്രതികളുടെ മൊഴി മാത്രമാണ് എന്‍.ഐ.എ കോടതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. അത് പോലീസ് എഴുതിചേര്‍ക്കുന്ന ഒരു രേഖ മാത്രമാണ്. 25 ദിവസമായി അന്വേഷിക്കുന്നു ഭീകരവാദത്തിന്റെ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. അതുകൊണ്ട് യു.എ.പി.എ ചുമത്താന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അഡ്വ. ജിയോ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്നയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം ആഭരണമായിട്ടുള്ളതാണ്. അത് വിവാഹ സമയത്ത് ധരിച്ചവയാണെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ ഹാജരാക്കിയിട്ടുണ്ട്. സാധാരണ നിലയില്‍ വിവാഹ സമയത്ത് ഒരു പെണ്‍കുട്ടി ധരിക്കുന്ന സ്വര്‍ണമാണിത്. ഒരു കോടി രൂപയും പിടിച്ചെടുത്തുവെന്ന് എന്‍.ഐ.എ പറയുന്നു. ആ പണത്തിന്റെ ഉറവിടം സംബന്ധിച്ച് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും അഡ്വ.ജിയോ പോള്‍ പറഞ്ഞു. സ്വര്‍ണം കട്ടിയായോ മറ്റേതെങ്കിലും രുപത്തിലോ ആയിരുന്നുവെങ്കില്‍ സംശയത്തിന് കാരണമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസ് ഡയറി ഭാഗികമാണെന്നും കൂട്ടിച്ചേര്ക്കലുകളുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും യു.എ.ഇ കോണ്‍സുലേറ്റിലും വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും ജാമ്യം കിട്ടിയാല്‍ കേസിനെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും എന്‍.ഐ.എ ഉന്നയിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകള്‍ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചോ എന്ന് വ്യക്തമല്ല.
സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കറിന്റെ സഹായം തേടിയെങ്കിലും അദ്ദേഹം ഇടപെട്ടില്ല എന്നും എന്‍.ഐ.എ വ്യക്തമാക്കി.