ടെലിവിഷൻ താരം സമീർ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
മുംബൈ∙ ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ‘യെ റിഷ്ദ ഹെ പ്യാര് കാ’ എന്ന പരമ്പരയിൽ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തിൽ ആകസ്മിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജോർജ് ഫെർണാണ്ടസ് പറഞ്ഞു. നടന്റെ ഫ്ലാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഫെബ്രുവരിയിലാണ് സമീർ മലദിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. സെക്യൂരിറ്റി ജീവനക്കാരാണ് അടുക്കളയിലെ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. ‘കഹാനി ഘർ ഘർ കി’, ‘ക്യുങ്കി സാസ് ഭി കഭി ബാഹു തി’ എന്നീ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നടന്മാരായ സിദ്ധാർഥ് മൽഹോത്ര, വരുൺ ധവാന് എന്നിവർ അനുശോചനം രേഖപ്പെടുത്തി.