മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനം; സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറാണെന്ന് എൻ.ഐ.എ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ. ശിവശങ്കർ സ്വപ്നയുടെ അഭ്യൂദയാകാംക്ഷിയാണെന്നും സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറാണെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. സ്വപ്നയ്ക്ക് വിദേശത്തും സ്വാധീനമുണ്ട്. രാജിവച്ച ശേഷവും സ്വപ്നയ്ക്ക് ആയിരം ഡോളർ കോൺസുലേറ്റ് പ്രതിഫലം നൽകിയിരുന്നുവെന്നും സ്വപ്നയുടെ ജാമ്യഹർജിയെ എതിർത്ത് എൻ.ഐ.എ കോടതിയെ അറിയിച്ചു.സ്വർണക്കടത്തിൽ ഇടപെട്ടവർക്ക് ഓരോ ഇടപാടിലും അമ്പതിനായിരം രൂപ വച്ച് കിട്ടിയിരുന്നു. കസ്റ്റംസ് പിടിച്ച സ്വർണം വിട്ടുകിട്ടാൻ ശിവശങ്കറിനെ സ്വപ്ന സമീപിച്ചിരുന്നു. എന്നാൽ സ്വപ്നയെ സഹായിക്കാൻ ശിവശങ്കർ തയ്യാറായിരുന്നില്ല. സ്വർണക്കടത്തിലെ ഗൂഢാലോചനയിൽ മുഖ്യ കേന്ദ്രം സ്വപ്നയായിരുന്നു. ശിവശങ്കറിൽ നിന്ന് സ്വപ്ന ഉപദേശം സ്വീകരിച്ചിരുന്നുവെന്നും എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചു.ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്ന സുരേഷ്. ഏതെങ്കിലും ഘട്ടത്തിൽ അവർക്ക് ജാമ്യം അനുവദിച്ചാൽ കേസിനെ അത് ബാധിക്കും. ശിവശങ്കർ മെന്റർ ആണെന്നാണ് ചോദ്യം ചെയ്യലിൽ സ്വപ്ന പറഞ്ഞത്. ഒറ്റപ്പെട്ട സ്വർണക്കടത്തല്ല ഇത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും അതിനാൽ തന്നെ ജാമ്യം നൽകരുതെന്നും എൻ.ഐ.എ കോടതിയിൽ വാദിച്ചു. അഡീഷണൽ സോളിസിറ്റർ ജനറലാണ് എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായത്.തന്റെ പക്കലുണ്ടായിരുന്ന സ്വർണം ആദ്യ വിവാഹ സമ്മാനമെന്നായിരുന്നു സ്വപ്നയുടെ വാദം. വിവാഹ ചിത്രം അടക്കം കാട്ടിയായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ എത്തിയത് രാഷ്ട്രീയ പ്രേരിതമാണ്. സ്വപ്നയ്ക്ക് സ്വർണക്കടത്തിൽ യാതൊരു ബന്ധവുമില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.