ജിസി. മുർമു രാജി വച്ചു; മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹ ജമ്മുകശ്മീർ ലഫ്. ഗവർണർ
ശ്രീനഗർ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമായി രൂപീകരിച്ച ശേഷം നിയമിതനായ ആദ്യ ലഫ്റ്റന്റ് ഗവര്‍ണർ ഗിരീഷ് ചന്ദ്ര മുർമു രാജി വച്ചു. കശ്മീർ വിഭജനം പൂർത്തിയായതിന്റെ വാര്‍ഷിക ദിനത്തിലാണ് മുർമുവിന്റെ രാജി. മുൻ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മു കശ്മീര്‍ ലഫ്റ്റന്റ് ഗവര്‍ണറായി നിയമിച്ചു. ഒന്നാം മോദി മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്നു സിൻഹ.
ഭരണഘടനാ പദവിയായ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ആയി മുർവിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സിഎജി രാജീവ് മെഹ്റിഷിയുടെ കാലാവധി ഓഗസ്റ്റ് എട്ടിന് അവസാനിക്കും. മുർമുവിന്റെ നിയമനം ഉടൻ തന്നെ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1985 ലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫിസറായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. 2019 ഓഗസ്റ്റിലാണ് മുർമു ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായത്.
ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യവുമായി കടുത്ത അഭിപ്രായ വ്യത്യാസം മുർമുവിനുണ്ടായിരുന്നു. പുതിയ കേന്ദ്രഭരണപ്രദേശമായി മാറിയതോടെ ജമ്മു കശ്മീരിൽ വലിയതോതിലുള്ള വികസനപ്രവർത്തനങ്ങൾ മുർമുവിന്റെ കീഴിൽ നടന്നുവരുമ്പോഴാണ് രാജി പ്രഖ്യാപനം. ബുധനാഴ്ച തന്നെ മുര്‍മു ശ്രീനഗര്‍ വിട്ട് ഡല്‍ഹിയില്‍ എത്തിയിരുന്നു.