ജമ്മു കശ്മീരിൽ ബി.ജെ.പി നേതാവിനെ തീവ്രവാദികൾ വെടിവെച്ചു കൊന്നു
ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ സർപഞ്ചായ ബി.ജെ.പി നേതാവിനെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട സജാദ് അഹമദ് കുൽഗാമിലെ ബി.ജെ.പിയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു
ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുൽഗാമിലാണ് സജാദ് അഹമദിനെ ഇന്ന് രാവിലെ വെടിവെച്ച് കൊന്നത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചകളിലായി ബി.ജെ.പി നേതാക്കൾക്കെതിരായ ഇത്തരത്തിലുള്ള നാലാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ മാസം ബിജെപിയുടെ ശൈഖ് വസീം ബാരിയും അദ്ദേഹത്തിന്റെ പിതാവും സഹോദരനും കേന്ദ്രഭരണ പ്രദേശത്തെ ബന്ദിപൂർ ജില്ലയിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹം ബന്ദിപ്പൂരിലെ ജില്ലാ മേധാവിയായിരുന്നു.
ബന്ദിപ്പൂരിലെ കൊലപാതകത്തിനു ശേഷം തീവ്രവാദ ആക്രമണത്തിന് ഇരയാകുമെന്ന ഭയം കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലുടനീളം പ്രവർത്തകരെ പിടികൂടിയിരിക്കുകയാണ്.
ജൂണിൽ ഒരു ഭീകരാക്രമണത്തിനിടെ കോൺഗ്രസ് ഗ്രാമമുഖ്യൻ അജയ് ഭാരതി കൊല്ലപ്പെട്ടിരുന്നു.