സ്വർണ്ണക്കടത്ത് സി പി എമ്മിനെ വേട്ടയാടുന്നു പാർസലിൽ ഖുർആൻ അല്ല മന്ത്രി ജലീൽ കുരുക്കിലേക്ക്
കൊച്ചി: യു.എ.ഇ. കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് അയച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ. ജലീൽ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. കൂടാതെ, ഇതുവരെ കോൺസുലേറ്റിൽ വന്ന പാഴ്സലുകളിൽ മതഗ്രന്ഥങ്ങൾ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമർശമുണ്ട്.
കോൺസുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ് ജലീൽ പറയുന്നത്. എന്നാൽ, കസ്റ്റംസ് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് ഇത് സാധൂകരിക്കുന്നതല്ല. ‘എന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല’- ഇങ്ങനെയാണ് റിപ്പോർട്ടിലുള്ളത്.
വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവൻറീവ് കമ്മിഷണറേറ്റ് റിപ്പോർട്ടിൽ അവശ്യപ്പെടുന്നത്. റിപ്പോർട്ട് ധനമന്ത്രാലയത്തിൽ എത്തിയതായാണ് അറിവ്.
സ്വത്തുക്കൾ കണ്ടുകെട്ടും
ഇ.ഡി.യുടെ കസ്റ്റഡിയിലുള്ള സ്വപ്നയുടെയും മറ്റും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള പ്രാരംഭനടപടികളായി. വിവിധ ബാങ്കുകളിൽനിന്ന് ഇവരുടെ ഇടപാടുകളെപ്പറ്റിയുള്ള കാര്യങ്ങൾ ശേഖരിച്ചു. എൻ.ഐ.എ.യുടെ എഫ്.ഐ.ആർ. പ്രകാരംതന്നെ ഈ നടപടികൾ തുടങ്ങാനാവും.
പ്രതികളുടെ സാമ്പത്തികനേട്ടവും വിദേശനിക്ഷേപം ഉണ്ടോയെന്നതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കും. ഇതിന്റെ ഭാഗമായി പ്രതികളായ പി.എസ്. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടു.
സ്വർണക്കടത്തിന് ഹവാലപ്പണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്.
മറ്റൊരു മന്ത്രിയിലേക്കും
യു.എ.ഇ. കോൺസുലേറ്റിലേക്ക് മറ്റൊരു മന്ത്രി നടത്തിയ സന്ദർശനവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഈ മന്ത്രിയുമായി പരിചയമുണ്ടെന്ന് ഇപ്പോൾ പിടിയിലുള്ള വ്യക്തികളുടെ മൊഴിയിലുണ്ട്. ഇതിനപ്പുറം എന്തെങ്കിലും ബന്ധമുണ്ടോ, കസ്റ്റംസ് നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തെങ്കിലുമുണ്ടോ എന്നും അന്വേഷിക്കും. ഇദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക് ഷോപ്പിന് രണ്ടു ഘട്ടമായി ഏഴുലക്ഷം രൂപ നിക്ഷേപമെന്ന നിലയിൽ നൽകിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.