നീണ്ട കാത്തിരിപ്പിന്റെ അവസാനം; രാമ ക്ഷേത്ര നിര്‍മാണം സ്വാതന്ത്ര്യ സമരത്തിന് തുല്യമെന്ന് മോദി
അയോധ്യ: രാമ മന്ത്രം ഇന്ന് അയോധ്യയില്‍ മാത്രമല്ല, ലോകമെമ്ബാടും പ്രതിഫലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ രാമ ക്ഷേത്ര നിര്‍മാണ ത്തിനുള്ള ഭൂമി പൂജയ്ക്കു ശേഷം പ്രധാനമന്ത്രി മോദി സംസാരിച്ച് തുടങ്ങിയത് രാമമന്ത്രം ഉറക്കെ പ്രഖ്യാപിച്ച്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍.
1- രാമന് എല്ലാവരുടേതുമാണ്. രാമന് എല്ലാവരിലും വസിക്കുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ്. നീണ്ട കാത്തിരിപ്പിന്റെ അവസാനമാണിന്ന്. വര്‍ഷങ്ങളായി ഒരു ടെന്റില്‍ വസിച്ച രാമനായി വലിയ ക്ഷേത്രം നിര്‍മിക്കുകയാണ്. 2- സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാ ഗാന്ധിയെ ദളിതുകളും ആദിവാസികളും സമൂഹത്തിലെ എല്ലാ അംഗങ്ങളും സഹായിച്ചതുപോലെ തന്നെ രാജ്യമെമ്ബാടുമുള്ള ജനങ്ങളുടെ പിന്തുണ മൂലമാണ് രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചത്.
3- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പരിമിതികള്‍ക്കിടയിലാണ് ചടങ്ങ് നടക്കുന്നത്. ശ്രീരാമന് തന്റെ പരിമിതികളോട് ചേര്‍ന്നിരിക്കുന്നതുപോലെ, നാമും സമാനമായ മാതൃക പിന്തുടരുകയാണ്. നമ്മുടെ ഉത്തരവാദിത്തങ്ങളില്‍ എങ്ങനെ പ്രതിജ്ഞാബദ്ധരാകണമെന്ന് രാമന് നമ്മെ പഠിപ്പിച്ചു. എതിര്‍പ്പിന്റെ പാതയിലൂടെ എങ്ങനെ സഞ്ചരിക്കാമെന്നും അറിവിന്റെ പാത എപ്രകാരം പിന്തുടരാമെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. സാഹോദര്യത്തിലാണ് ക്ഷേത്രം പണിയേണ്ടത്.
4- ക്ഷേത്ര നിര്‍മാണം അയോധ്യയുടെ സൗന്ദര്യം വര്‍ധിപ്പിക്കുക മാത്രമല്ല, മുഖം തന്നെ മാറ്റുകയും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. രാമ-സീത ദര്‍ശനത്തിനായി ലോകമെമ്ബാടുമുള്ള ആളുകള്‍ ഇവിടെയെത്തുന്നത് സങ്കല്‍പ്പിക്കുക. ഈ ക്ഷേത്രം നമ്മുടെ പൈതൃകത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതീകമായി മാറും. ഇത് കോടിക്കണക്കിന് ആളുകളുടെ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായി മാറും.
5- രാമന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാത്ത ദേശീയ വികാരങ്ങളൊന്നുമില്ല. ഇന്ത്യയുടെ വിശ്വാസത്തില്‍ രാമനെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ആദര്‍ശം അദ്ദേഹത്തെ പ്രതിഫലിപ്പിക്കുന്നു.
വന്‍ സുരക്ഷയുടെയും വമ്ബിച്ച സന്നാഹങ്ങളുടെയും അകമ്ബടിയോടെയാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആ ര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. മറ്റ് 175 അതിഥികളും ചടങ്ങില്‍ പങ്കുചേര്‍ന്നു.
ഭൂമിപൂജ ചടങ്ങില്‍ ദളിത് വിഭാഗത്തെ അവഗണിച്ചെന്ന് ബിജെപിയുടെ സഖ്യകക്ഷി അപ്നാ ദള്‍ (എസ്) എംഎല്‍എ ചൗധരി അമര്‍ സിംഗ് ആരോപിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ അന്നത്തെ പ്രസിഡന്റ് ബൂട്ടാ സിംഗ് ആണ് ശിലാന്യാസ് നടത്തിയത്. അദ്ദേഹം ഒരു ദളിതനായിരുന്നു എന്നും അമര്‍ സിംഗ് പറഞ്ഞു.