വടക്കൻ ജില്ലകളിൽ കനത്ത മഴയിൽ വ്യാപകനാശം; മരംവീണ് ആറുവയസ്സുകാരി മരിച്ചു
കോഴിക്കോട് : ശക്തമായ മഴയിലുംകാറ്റിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു.
ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളില്‍ ശക്തമായ കടലേറ്റവുമുണ്ടായി. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു.