മത്സ്യബന്ധന യാനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍മാത്രമേ
മത്സ്യബന്ധനത്തിലേര്‍പ്പെടാവൂ ,മത്സ്യലേലം പാടില്ല
കാസർകോട് : മത്സ്യബന്ധന യാനങ്ങള്‍ ഒന്നിവിട്ട ദിവസങ്ങളില്‍മാത്രമേ മത്സ്യബന്ധനത്തിലേര്‍പ്പെടാവൂ .രജിസ്ട്രേഷന് നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. വെള്ളിയാഴ്ച അവധിയുള്ള പ്രദേശങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന യാനങ്ങള്‍ക്ക് ഞായറാഴ്ച മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. അന്യസംസ്ഥാന യാനങ്ങള്‍ കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നതും സംസ്ഥാന അതിര്‍ത്തിയിലെ ഹാര്‍ബറുകളിലോ ഫിഷ് ലാന്റിങ് സെന്റുകളിലോ പ്രവേശിക്കുന്നതും നിരോധിച്ചു. ഹാര്‍ബറിലെ മത്സ്യബന്ധന വിപണന പ്രവര്‍ത്തനങ്ങള്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെയും ഫിഷ്ലാന്റിങ് സെന്ററുകളിലെയും മത്സ്യം കരയ്ക്കടുപ്പിയ്ക്കല്‍ കേന്ദ്രങ്ങളിലെയും മത്സ്യബന്ധന വിപണന പ്രവര്‍ത്തനങ്ങള്‍ ജനകീയ സമിതിയുടെയും നേതൃത്വത്തിലായിരിക്കണം. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാര്‍ഗ്ഗരേഖ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മത്സ്യ ബന്ധനത്തിന് നിയോഗിക്കുന്ന അതിഥി തൊഴിലാളികളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അതത് യാന ഉടമകള്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി,ജനകീയ സമിതി മുമ്പാകെ ഹാജരാക്കണം.
മത്സ്യലേലം പാടില്ല
മത്സ്യലേലം പൂര്‍ണ്ണമായും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ഹാര്‍ബാര്‍ മാനേജ്മെന്റ് കമ്മിറ്റി, ജനകീയ സമിതി നിശ്ചിയിച്ച് നല്കിട്ടുള്ള വിലയ്ക്ക് മാത്രമേ വിലക്കാന്‍ പാടുള്ളൂ. സാമൂഹ്യ അകലം പാലിച്ച് ലേലം ഒഴിവാക്കി മത്സ്യവില്പന നടത്തുന്നതിനുള്ള ഉത്തരവാദിത്വം പോലീസ്,റവന്യൂ,ഫിഷറീസ്,മത്സ്യഫെഡ്,എച്ച് ഇഡി എന്നിവരില്‍ നിക്ഷിപ്തമാണ്.കണ്ടെയ്ന്മെന്റ് സോണുകളില്‍ വഴിയോര മത്സ്യ കച്ചവടവും വീടുകള്‍ തോറും കൊണ്ടുപോയുള്ള മത്സ്യകച്ചവടവും പൂര്‍ണ്ണമായും നിരോധിച്ചു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി ശില്പ,ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ പി വി സതീശന്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ എച്ച് ഷെരീഫ്,എച്ച് ഇ ഡി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അഷറഫ്,ബോട്ടുടമകളുടെ പ്രതിനിധികള്‍,ഇന്‍ബോര്‍ഡ് വള്ളം പ്രതിനിധികള്‍,പരമ്പരാഗത മത്സ്യയാന നേതാക്കള്‍ ,ട്രേഡ് യൂണിയന് നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.