അംജത്തിന്റെ എന്‍.ഐ.എ. അറസ്റ്റ് സി.പി.ഐയെയും വെട്ടിലാക്കുന്നു; കേസില്‍ തീവ്രവാദബന്ധം വന്നതോടെ തള്ളിപ്പറഞ്ഞ് ജില്ലാ നേതൃത്വം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മമ്മാലി ഉസ്താദിനൊപ്പം എന്‍.ഐ.എ. അറസ്റ്റ് ചെയ്ത അംജത്തിന്റെ പാര്‍ട്ടി ബന്ധം സി.പി.ഐയെ വെട്ടിലാക്കി. കൈവെട്ടു കേസിലെ 24-ാം പ്രതിയായിരുന്ന മുഹമ്മദാലി എന്ന മമ്മാലി ഉസ്താദ് സ്വര്‍ണക്കടത്തു കേസില്‍ നേരത്തെ അറസ്റ്റിലായ എ.എം. ജലാലിന്റെ അടുത്ത സുഹൃത്താണ്.
ജലാലിന്റെ ഡ്രൈവറാണു സി.പി.ഐക്കാരനായ അംജത്. കേസില്‍ തീവ്രവാദബന്ധം എന്‍.ഐ.എ. സംശയിക്കുമ്പോള്‍ പാര്‍ട്ടിയംഗം അറസ്റ്റിലായത് സി.പി.ഐ. ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി. അംജത് സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനല്ലെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയെങ്കിലും ഇയാള്‍ മൂവാറ്റുപുഴ ടൗണ്‍ കിഴക്കേക്കര ബ്രാഞ്ച് അംഗമാണ്. കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറിയുടെ ബന്ധുകൂടിയാണ് ഇയാള്‍.
ഡ്രൈവറായ അംജത് സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. പ്രത്യേക രാഷ്ട്രീയ പ്രവര്‍ത്തന പശ്ചാത്തലമൊന്നും ഇല്ലാതിരുന്ന അംജത് ഏതാനും വര്‍ഷം മുമ്പാണ് സി.പി.ഐയില്‍ ചേര്‍ന്നത്. ഇത് അവശ്യഘട്ടങ്ങളില്‍ ഭരണകക്ഷിയുടെ സഹായം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണെന്ന് സംശയിക്കപ്പെടുന്നു. അംജത്തിനെതിരേ നടപടിയെടുത്താല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയേയുള്ളുവെന്നാണ് സി.പി.ഐ. നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതിനാല്‍ ഇയാളെ തള്ളിപറയുന്ന സമീപനമാണ് പാര്‍ട്ടി ഇന്നലെ കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് കാലത്തടക്കം സി.പി.ഐയുടേയും എ.ഐ.വൈ.എഫിന്റെയും പല പരിപാടികളിലും അംജത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് എല്‍ദോ ഏബ്രഹാം എം.എല്‍.എയുടെ ബൈക്ക് റാലിയില്‍ ഇയാള്‍ അംഗമായിരുന്നു. അംജത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് എല്‍ദോ ഏബ്രഹാം യാത്ര ചെയ്യുന്ന ചിത്രവും ഇതിനിടെ പുറത്തുവന്നു. അംജത്തിനെ അടുത്തറിയാമെന്ന് എം.എല്‍.എ സമ്മതിക്കുകയും ചെയ്തു.