കൊവിഡ് വ്യാപനത്തിന് ശമനമില്ല; തുടർച്ചയായി ആറാം ദിവസവും അരലക്ഷത്തിലധികം കേസുകൾ
ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വരെ 12,30,509 പേർ രോഗമുക്തരായി നിലവിൽ ചികിത്സയിലുള്ളത് 5,86,298 പേരാണ്.
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,55,745 ആയി. നിലവിലെ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ നാളെ തന്നെ ആകെ രോഗബാഘധിതരുടെ എണ്ണം 19 ലക്ഷം കടക്കും. 803 മരണങ്ങൾ കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 38,938 ആയി. 2.11 ശതമാനമാണ് ഇതനുസരിച്ച് രാജ്യത്തെ മരണ നിരക്ക്.
ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വരെ 12,30,509 പേർ രോഗമുക്തരായി നിലവിൽ ചികിത്സയിലുള്ളത് 5,86,298 പേരാണ്. പ്രതിദിന കണക്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 8,968 കേസുകളും 266 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 7822 കേസുകളും തമിഴ്നാട്ടിൽ 5,609 കേസുകളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 4,752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,500 കടന്നു.