നടക്കുന്നത് വൻ കൊള്ള; പിണറായിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ
യുഡിഎഫ് കാലത്ത് വഴിവിട്ട് കൺസൾട്ടൻസിയെ നിയമിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചോദിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അതിരൂക്ഷ വിമർശനമാണ് സർക്കാരിനെതിരെ ഉന്നയിച്ചത്. ചമ്പൽക്കാട്ടിലെ കൊള്ളക്കാരെക്കാൾ വലിയ കൊള്ളക്കാരാണ് പിണറായി സർക്കാരെന്ന് മുല്ലപ്പള്ളി പറഞ്ഞു. ട്രഷറി തട്ടിപ്പിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് അയാളെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
“മാൻസിംഗിനെയും, ഫൂലൻ ദേവിയെക്കാളും മിടുക്കൻമാരും മിടുക്കികളുമായ കൊള്ളക്കാരാണ് പിണറായി മന്ത്രിസഭയിലുള്ളത്. അഴിമതിക്കഥ കേൾക്കാത്ത ഒറ്റ ദിവസവും ഇല്ല. ലക്ഷക്കണക്കിന് യുവതീയുവാക്കൾക്ക് തൊഴിൽ നിഷേധിച്ചു. എല്ലാത്തിന്റെയും അടിവേരുകൾ ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലാണ്. സിപിഎം പാർശ്വവർത്തികളെ ഉന്നത പദവികളിൽ നിയമിച്ചു. ക്വിറ്റ് കേരള എന്നാണ് പിണറായി വിജയനോട് പറയാനുള്ളത്” എന്നും മുല്ലപ്പള്ളി പറഞ്ഞു.
“എല്ലാം ശരിയാക്കാൻ വന്നവർ, ജനങ്ങളെ പരമാവധി ശരിയാക്കി കഴിഞ്ഞിരിക്കുന്നു. ഖജനാവ് കൊള്ളയടിക്കുന്നവർക്ക് കൂട്ടുനിൽക്കുന്ന സർക്കാരാണിത്. എല്ലാവരോടും ട്രഷറിയിൽ പണം ഇടാൻ ധനമന്ത്രി പറഞ്ഞത് കൊള്ളയ്ക്ക് കൂട്ടുനിൽക്കാനാണെന്ന് ഇപ്പോഴാണ് മനസിലായത്. ട്രഷറി തട്ടിപ്പുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നു. പിരിച്ചു വിട്ട നടപടി അയാളെ രക്ഷിക്കാനാണ് എന്ന് പലരും പറയുന്നു. തട്ടിപ്പുകാരൻ സിപിഎമ്മിന്റെ സൈബർ പോരാളിയാണ്. പിടിക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് അയാൾ എൻജിഒ യൂണിയൻകാരൻ അല്ലാതെയായത്.”
“ട്രഷറി തട്ടിപ്പിനെ കുറിച്ച് ചോദ്യങ്ങൾ ഭയന്നാണ് ഇന്നലെ മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനം നേരത്തെ അവസാനിപ്പിച്ചത്. ധനകാര്യ മന്ത്രി കൈ കഴുകി രക്ഷപ്പെടാമെന്ന് കരുതേണ്ട. ധനമന്ത്രിക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകി. നാലുവർഷമായി ട്രഷറിയിൽ നടന്ന മുഴുവൻ ക്രമക്കേടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.. 15 ലധികം തവണ സമാന സംഭവങ്ങൾ ഉണ്ടായിട്ടും പണം തിരിച്ചടപ്പിച്ച് ഒതുക്കി തീർത്തു” എന്നും ചെന്നിത്തല ആരോപിച്ചു.
യുഡിഎഫ് കാലത്ത് വഴിവിട്ട് കൺസൾട്ടൻസിയെ നിയമിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചോദിച്ചു. “ഏതു കൺസൾട്ടൻസിയെ ആണ് നിയമിച്ചത് എന്ന് ഇപ്പോഴെങ്കിലും പറയണം. റാങ്ക് ലിസ്റ്റ് ഇല്ലാത്തതാണ് പുറം വാതിൽ നിയമനങ്ങളുടെ മുഖ്യ കാരണം. പിൻവാതിൽ നിയമനങ്ങൾ തീക്കളി. ചെറുപ്പക്കാരെ അസ്വസ്ഥരാക്കരുത്. അവർക്ക് നീതി ലഭിക്കും എന്ന സന്ദേശം കൊടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഗുഡ് വിൻ തട്ടിപ്പ് കേസ് പ്രതികളുമായി മുഖ്യമന്ത്രിയടക്കം സിപിഎം നേതാക്കൾക്ക് ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നത്. ഈ അഴിമതിയെ കുറിച്ച് ഗൗരവ അന്വേഷണം വേണം. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.