വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും : ഡി എം ഓ
കാസറഗോഡ്: ജില്ലയിൽ കോവിഡ് -19 മായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളും മറ്റും വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ട്ടിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ .രാംദാസ് എ.വി. അറിയിച്ചു .
ഇത്തരം വ്യാജ വാർത്തകൾ നിർമിച്ചു സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ജില്ലയിലെ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജില്ലയിൽ കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അവിശ്രമം, അഹോരാത്രം ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുകയും പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുകയും വിപരീത ഫലം ഉളവാക്കുകയും ചെയ്യും .ജില്ലയിൽ സമ്പർക്ക രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് .വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പകരം ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങളും വാർത്തകളും പരമാവധി പ്രചരിപ്പിച്ചു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിനായി എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .