മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വിടപറഞ്ഞിട്ട് ഒരു കൊല്ലം; വിചാരണ വൈകിപ്പിക്കാന്‍ ഒളിച്ചുകളി തുടരുന്നു
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ വിചാരണ കൃത്യമായി നടത്താന്‍ സാധിച്ചിട്ടില്ല. വിചാരണ നിശ്ചയിച്ച സമയത്ത് ഹാജരാകാതെ മുന്നൂ തവണയും പ്രതികള്‍ ഒളിച്ചുകളി തുടരുകയാണ്. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനും, സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീര്‍ മരിക്കുന്നത്.
സിറാജ് ഓഫീസില്‍ നിന്ന് വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്ബോള്‍ ഒരു ഫോണ്‍ വന്നതിനെത്തുടര്‍ന്ന് റോഡരികില്‍ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ, അമിത വേഗതയില്‍ വന്ന ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചതെന്നും, കാര്‍ അമിത വേഗത്തിലായിരുന്നെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.വണ്ടിയോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാമിന്റെ വാദം. അത് വഫ നിഷേധിക്കുകയും ചെയ്തു. ഇരുവര്‍ക്കെതിരെ കേസെടുക്കുകയും, ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസിലെ ഒന്നാംപ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. അതേസമയം, അപകടസമയത്ത് ബഷീറില്‍ നിന്നു നഷ്ടമായെന്ന് കരുതുന്ന രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.