നീലേശ്വരത്ത് പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രം; ഡോക്ടർമാരെ പ്രതിയാക്കാത്ത അന്വേഷണസംഘത്തിന് കോടതി നോട്ടീസ് . പൊലീസിന് രൂക്ഷ വിമർശനം.
കാസർകോട്: തൈക്കടപ്പുറത്ത് പീഡനത്തിനിരയായ 16 കാരിക്ക് ഗർഭഛിദ്രം നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ കേസിൽ ഉൾപ്പെടുത്താതിരുന്ന അന്വേഷണ സംഘത്തിന് കാസർകോട് ജുവനൈൽ ജസ്റ്റിസിന്റെ ഷോക്കോസ് നോട്ടിസ്. പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതികൾക്ക് കൂട്ടുനിന്ന പിതാവ് വീട്ടുവളപ്പിൽ കുഴിച്ചിട്ട ഭ്രൂണം പൊലീസ് തന്നെ പുറത്തെടുത്തിട്ടും ഗർഭഛിദ്രം നടത്തിയ രണ്ട് മെഡിക്കൽ പ്രാക്ടീഷണർമാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാത്തത് പൊലീസിന് സംഭവിച്ച വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജുവനൈൽ ജസ്റ്റിസ് ജില്ലാ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി നോട്ടീസ് അയച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തിയതും അത് പൊലീസിനെ അറിയിക്കാതെ മൂടിവച്ചതും കുറ്റകൃത്യമാണ്. ഐ.പി.സി 313 പ്രകാരം 10 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റകൃത്യമാണിത്. നിയമപ്രകാരം 20 ആഴ്ചയുടെ മുകളിൽ വളർച്ചയെത്തിയ ഭ്രൂണം നശിപ്പിക്കുന്നതും കുറ്റകരമാണ്. ആ നിലക്ക് ഡോക്ടർമാരെ ഒഴിവാക്കിയത് സംബന്ധിച്ച് മൂന്ന് ദിവസങ്ങൾക്കുളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്ക് ജില്ലാ പൊലീസ് ചീഫിന് നിർദ്ദേശം നൽകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.പെൺകുട്ടിയുടെ ഗർഭാവസ്ഥ അറിയാൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി സ്കാൻ ചെയ്തിരുന്നു. തുടർന്നാണ് പ്രതികളുടെ നിർദ്ദേശം അനുസരിച്ചു ഭ്രൂണം നശിക്കാൻ മരുന്ന് നൽകിയത്. മുൻ മദ്രസ അദ്ധ്യാപകനായിരുന്ന പിതാവ് തന്റെ മതബോധം കാരണം ഭ്രൂണം ആശുപത്രി മാലിന്യങ്ങളുടെ കൂട്ടത്തിൽ ഉപേക്ഷിക്കാതെ നാട്ടിൽ കൊണ്ടുപോയി കബറടക്കുകയാണ് ചെയ്തത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ശാന്ത് എസ്. നായരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഭ്രൂണം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്.
…………………………..ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്ന് സ്വകാര്യ ആശുപത്രി ഡോക്ടർമാർ ഒഴിവായത് പൊലീസിന് സംഭവിച്ച വീഴ്ചയാണോ എന്നറിയില്ല. തെറ്റ് ചൂണ്ടിക്കാണിച്ച ജില്ലാ ജഡ്ജിയുടെ നോട്ടിസ് ആശാവഹമാണ്. പെൺകുട്ടി ഭീകരമായ ലൈംഗിക പീഡനത്തിനാണ് ഇരയായത്. ജില്ലാ പഞ്ചായത്ത് അംഗം പി.സി. സുബൈദയും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബേബി ബാലകൃഷ്ണനും പോയി കണ്ടപ്പോൾ പെൺകുട്ടി എല്ലാം തുറന്നുപറഞ്ഞിരുന്നു. ആശുപത്രിയിലും പെൺകുട്ടിയെ പ്രവേശിപ്പിച്ചതിന്റെ രേഖയുണ്ടായിരുന്നില്ല.