പുതു ചരിത്രമെഴുതി കേരളം കാസർകോട് ചന്ദ്രഗിരിപ്പുഴക്ക് കുറുകെയുള്ള ഗെയിൽ പൈപ്പിടൽ നാളെ പൂർത്തിയാകും
കാസർകോട്. : കുന്നുകളുടെയും പുഴയുടെയും അടിത്തട്ടിലൂടെ കടന്ന് ഒടുവിൽ കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പുലൈൻ വിജയതീരമണയുന്നു. ചൊവ്വാഴ്ച അവസാന ജോലിയും പൂർത്തിയാവുന്നതോടെ, എറ്റവും ശ്രമകരവും ദുഷ്കരവുമായ ദൗത്യം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) അധികൃതർ.
ചന്ദ്രഗിരിപ്പുഴയുടെ അടിത്തട്ടിലൂടെ ഒന്നരക്കിലോമീറ്റർ ഭൂഗർഭ പൈപ്പുലൈൻ സ്ഥാപിക്കുന്ന പണിയാണ് കോവിഡിനെപോലും വകവയ്ക്കാതെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. തെക്കിൽഭാഗത്താണ് ഹൊറിസോണ്ടൽ ഡയറക്ഷൻ ഡ്രില്ലിങ് (എച്ച്.ഡി.ഡി.) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിലൂടെ പൈപ്പ് സ്ഥാപിക്കുന്നത്.
തറനിരപ്പിൽനിന്ന് 30 മീറ്റർ ആഴത്തിലൂടെയാണ് ഇവിടെ പൈപ്പ്ലൈൻ കടന്നുപോകുന്നത്. സമതലമുള്ള മറ്റ് പുഴകളുടെ ഭാഗങ്ങളിൽ സാധാരണ ഏഴ്-12 മീറ്റർ ആഴത്തിലൂടെയാണ് പൈപ്പ്ലൈൻ ഇട്ടിരുന്നത്. തെക്കിലിൽ 800 മീറ്റർ ഭൂഗർഭ പൈപ്പ്ലൈൻ ഞായറാഴ്ചയോടെ സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 700 മീറ്റർ ഭാഗത്തെ പ്രവൃത്തി ചൊവ്വാഴ്ച തീർക്കും.
പുഴയുടെ വടക്കും തെക്കും 350 അടിയിലേറെ ഉയരമുള്ള കുന്നുകളുള്ളതാണ് ഗെയിലിന് തലവേദനയായിരുന്നത്. ചട്ടഞ്ചാലിനടുത്ത തൈര മാണിയടുക്കവും മറുഭാഗത്ത് ബേവിഞ്ചയും ചേർന്ന ഭാഗമാണിത്. 150 മീറ്റർ വീതിയുള്ള ചന്ദ്രഗിരിപ്പുഴയുടെ അടിത്തട്ടിലൂടെ മാത്രം ഭൂഗർഭലൈനും കുന്നിൻചെരിവിലൂടെ ഒന്നരമീറ്റർ ആഴത്തിലുള്ള പൈപ്പ്ലൈനും സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഭാവിയിൽ കുന്നിടിച്ചിൽ ഉണ്ടാവാനുള്ള സാധ്യത മനസ്സിലാക്കി ഗെയിലിന്റെ വിദഗ്ധസംഘം പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
കുന്നിൽനിന്ന് കുന്നിലേക്ക് ഭൂമി തുരന്നുള്ള നിർമാണത്തിന്റെ ‘റിഹേഴ്സൽ’ ഗെയിൽ രണ്ടരവർഷം മുൻപ് തുടങ്ങിയെങ്കിലും കരാർ ഏറ്റെടുത്ത രണ്ട് കമ്പനികൾ വഴിയിൽ പിന്മാറി. ചെന്നൈയിലെ എൻ.ആർ. പട്ടേൽ ആൻഡ് കമ്പനിയാണ് ഒടുവിൽ ദൗത്യത്തിൽ വിജയക്കൊടി പാറിക്കുന്നത്. ഇവരുടെ എൺപതോളം ജീവനക്കാരാണ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത്.