സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബന്ധു കസ്റ്റഡിയില്‍; ഹൈക്കോടതി മുന്‍ ജഡ്ജി എന്‍ഐഎയുടെ നിരീക്ഷണത്തില്‍; അന്വേഷണം ഉന്നതരിലേക്ക്
കൊച്ചി കേന്ദ്രീകരിച്ച് മുമ്പ് നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നൂറു കോടിയോളം രൂപ പിഴയീടാക്കി വിട്ടുകൊടുക്കാന്‍ കോടതിവിധിയായിരുന്നു. ഈ കേസില്‍ പ്രതികളായിരുന്നവരെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
കൊച്ചി: സ്വര്‍ണക്കള്ളക്കടത്തു കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെ നിരീക്ഷിക്കുന്നു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. അതിനിടെ, കേസില്‍ ജഡ്ജിയുടെ വളരെ അടുത്ത ബന്ധുവിനെ എന്‍ഐഎ ചെന്നൈയില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. എന്‍ഐഎ ഡിഐജി കെ.ബി. വന്ദനയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കേരളത്തിലെ സ്വര്‍ണക്കള്ളക്കടത്തിന് കൊല്‍ക്കത്തയുമായി ബന്ധമുണ്ടെന്നും ഹൈക്കോടതി മുന്‍ ജഡ്ജിയുടെ ബന്ധുവായ അഭിഭാഷകന് മുഖേനയാണ് ബന്ധമുണ്ടാക്കിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ ഇദ്ദേഹം മുമ്പ് അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശ ഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്.
കൊച്ചി കേന്ദ്രീകരിച്ച് മുമ്പ് നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നൂറു കോടിയോളം രൂപ പിഴയീടാക്കി വിട്ടുകൊടുക്കാന്‍ കോടതിവിധിയായിരുന്നു. ഈ കേസില്‍ പ്രതികളായിരുന്നവരെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. പോലീസിലും, നീതിന്യായ രംഗത്തുമുണ്ടായിരുന്ന ചിലരുടെ മുന്‍കാല നടപടികള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തം. കള്ളനോട്ട് ഇടപാട്, ഹവാല, സ്വര്‍ണക്കടത്ത് തുടങ്ങിയവയുമായ ബന്ധപ്പെട്ട ചില വിധികള്‍ എന്‍ഐഎ പരിശോധിച്ചേക്കും. ഇതിനുപിന്നിലുള്ളവരെ കണ്ടെത്താനാണിത്. ഈ ജഡ്ജി അംഗമായിരുന്ന ട്രസ്റ്റ് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിക ബാങ്കില്‍ നിന്ന് ധനസമാഹരണം നടത്താനുള്ള ട്രസ്റ്റിന്റെ ശ്രമങ്ങള്‍ എന്‍ഐഎയുടെ സംശയം വര്‍ദ്ധിപ്പിച്ചു.
ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിന്റെ കൊല്‍ക്കത്തയിലെ സ്വര്‍ണക്കടത്ത് മാഫിയ ബന്ധവും സംശയത്തിനിടയാക്കി. തുടര്‍ന്നാണ് ഇദ്ദേഹത്തിലേക്ക് അന്വേഷണം നീങ്ങിയത്. കേസില്‍ മൂന്നു പേരെക്കൂടി തമിഴ്നാട്ടില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള ഏജന്റുമാരാണ് ഇവര്‍. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് നീളുകയാണ്.