‘രാഷ്ട്രീയ നേതാക്കളെ തടവിലാക്കി കേന്ദ്രം ജനാധിപത്യത്തെ നശിപ്പിക്കുന്നു’; മെഹ്ബൂബ മുഫ്തിയെ മോചനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
‘രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു
2019 ആഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയടക്കം വിവിധ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം തടവിലാക്കിയത്. തടവിലായിരുന്ന ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബുദുള്ളയും അടക്കമുള്ള നേതാക്കളെ മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്.
വരുന്ന ആഗസ്റ്റ് അഞ്ചിന് മെഹ്ബൂബയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെ മൂന്ന് മാസത്തേക്ക് കൂടി തടവ് നീട്ടികൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാം തവണയാണ് മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്. നേരത്തെ മെയ് അഞ്ചിനായിരുന്നു മൂന്നു മാസത്തേക്ക് തടങ്കല്‍ കാലാവധി നീട്ടിയിരുന്നത്.