സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു
കാസര്‍ഗോട്: കാസര്‍ഗോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു.
കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ കാസര്‍ഗോട് ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. എന്നാല്‍ ആറ് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു. ലോട്ടറി വില്‍പ്പനക്കാരനായ ഗോപിയാണ് മരിച്ചത്. സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധിതനായിരുന്ന ഗോപിക്ക് അടുത്തിടെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഗോപിയുടെ നില ഏതാനും ദിവസങ്ങളായി വഷളായി തുടരുകയായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ചാണ് മരണം. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 83 ആയി.
എന്നാല്‍ ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 81 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇന്നലെ മാത്രം എട്ട് കൊവിഡ് മരണങ്ങള് ഔദ്യോഗികമായി സ്ഥിരീകരിച്ചു.