കാസർകോട് ജില്ലയിലെ സ്വകാര്യ മേഖലയിലെ ആദ്യ കോവിഡ് ചികിത്സാ കേന്ദ്രം കളനാട്ട് പ്രവർത്തനം തുടങ്ങി.
കാസർകോട് : ജില്ലയിൽ സ്വകാര്യ മേഖലയിലും കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകി. സൺറൈസ് കോവിഡ് പ്രൈമറി ആൻഡ് സെക്കൻഡറി കെയർ ഹോമിനാണ് കോവിഡ് നിയന്ത്രണ സെൽ അനുമതി നൽകിയത്. ചന്ദ്രഗിരി കെ എസ് ടി പി റോഡിൽ കളനാടുള്ള സ്വകാര്യ ഹോട്ടൽ കെട്ടിടമാണ് ആശുപത്രിയാക്കി മാറ്റിയത്. ആശുപത്രി അധികൃതരുടെ അപേക്ഷയിൽ പരിശോധന നടത്തിയ ശേഷമാണ് സർക്കാർ ഇതിന് അനുമതി നൽകിയത്. 48 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടെന്നു മാനേജിങ് ഡയറക്ടർ ഡോ. പ്രസാദ് മോനോൻ പറഞ്ഞു. ഇപ്പോൾ ഇവിടെ 3 പേരെ കോവിഡ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായും ഡോ:പ്രസാദ് അറിയിച്ചു.
രോഗികളെ എത്തിക്കാൻ ആംബുലൻസ് ഒരുക്കിയിട്ടുണ്ട്. റൂം വാടക, നഴ്സിങ് ഫീസ്, പിപി കിറ്റ് എന്നിവ അടക്കം 3500 രൂപയാണ് ഒരു ദിവസത്തെ നിരക്ക്. ആരോഗ്യ ഇൻഷുറൻസ് സൗകര്യവും ഉണ്ട്. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരമാണു സെന്ററിന്റെ പ്രവർത്തനം. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചു സൗകര്യമെരുക്കിയാൽ മറ്റു സ്വകാര്യ ആശുപത്രികൾക്കും ചികിത്സയ്ക്ക് അനുമതി നൽകുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് ഇന്ന് ബി എൻ സി യോട് പറഞ്ഞു.