വഞ്ചിയൂർ ട്രഷറിയിൽ രണ്ടു കോടി തട്ടിച്ച ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിലെ ജില്ലാ കളക്ടറുടെ ഒൗദ്യോഗിക അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ വെട്ടിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്രിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സീനിയർ അക്കൗണ്ടന്റ് എം.ആർ ബിജുലാലിനെതിരെയാണ് നടപടി. ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയെ തുടർന്ന് വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വകുപ്പുതല അന്വേഷണം നടത്താൻ ജോയിന്റ് ഡയറക്ടർ സാജനെ ട്രഷറി ഡയറക്ടർ നിയോഗിച്ചു.
രണ്ട് മാസം മുമ്പ് വിരമിച്ച ട്രഷറി ഓഫീസറുടെ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചും ട്രഷറിയിലെ സോഫ്റ്ര് വെയറിലെ ന്യൂനതകൾ മുതലാക്കിയുമാണ് വെട്ടിപ്പ് നടത്തിയത്.
വ്യാഴാഴ്ചയാണ് തുക മാറ്രിയത്. മാസത്തിലെ അവസാന ദിനമായതിനാൽ അന്ന് വൈകിട്ട് കാഷ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനു മുമ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
കളക്ടറേറ്ര് വഞ്ചിയൂരായിരുന്നപ്പോൾ (ഇപ്പോൾ കുടപ്പനക്കുന്നിൽ), കളക്ടറുടെ പേരിൽ ഉണ്ടായിരുന്ന അക്കൗണ്ടിൽ നിന്നാണ് തുക മാറ്രിയത്. ഒരു കാഷ് ട്രാൻസാക്ഷൻ മൂന്ന് ജീവനക്കാരും ഓൺലൈൻ ട്രാൻസാക്ഷൻ രണ്ട് ജീവനക്കാരുമാണ് കൈകാര്യം ചെയ്യുക. ട്രാൻസാക് ഷന് തന്റെ പാസ് വേഡും റിട്ടയർ ചെയ്ത ഓഫീസറുടെ പാസ് വേഡും ഉപയോഗിക്കുകയായിരുന്നു.
ചെക്കിൽ രേഖപ്പെടുത്തിയ കാര്യങ്ങളും അക്കൗണ്ടിൽ തുകയുണ്ടോ എന്നുമൊക്കെ പരിശോധിക്കലാണ് ഇയാളുടെ ജോലി. രണ്ടു കോടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ചെക്ക് ട്രാൻസാക്ഷൻ പ്രക്രിയ റദ്ദാക്കി വെട്ടിപ്പ് മൂടിവയ്ക്കാനായിരുന്നു ശ്രമം.
ഈ തട്ടിപ്പിന് മുമ്പ് 2700 രൂപയുണ്ടായിരുന്ന തന്റെ ഓഫീസ് അക്കൗണ്ടിൽ നിന്ന് 3000 അയയ്ക്കാൻ സാധിച്ചു. ബാലൻസ് (-) 300 എന്നും കാണിച്ചു.പിന്നെ 10000 രൂപ അയച്ചു. അപ്പോൾ ബാലൻസ് (-) 10300 എന്നും കാണിച്ചു. സോഫ്റ്ര് വെയറിന്റെ ഈ ന്യൂനത മുതലെടുക്കുകയായിരുന്നു.