രാമക്ഷേത്ര ശിലാസ്ഥാപനം: അദ്വാനിക്കും ജോഷിക്കും ക്ഷണമില്ലെന്ന് പരാതി; ഉടന്‍ ക്ഷണിക്കുമെന്ന് സംഘാടകർ
രാമക്ഷേത്രം: അദ്വാനിക്കും ജോഷിക്കും അയോധ്യയിലേക്ക് ക്ഷണമില്ല; ഉമ ഭാരതി പങ്കെടുക്കുംഅയോധ്യ: രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിലേക്ക് മുതിർന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും ക്ഷണിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍. അദ്വാനിക്കും ജോഷിക്കും ചടങ്ങിലേക്ക് ക്ഷണമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫോണ്‍ വഴി ഇരുവരേയും ക്ഷണിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു..
ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജയും ക്ഷേത്ര ശിലാസ്ഥാപന ചടങ്ങും നടക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഉമ ഭാരതിയേയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉമ ഭാരതിയും കല്യാൺ സിങും അറിയിച്ചു.
ബാബറി മസ്ജിദ് തകർത്ത സംഭവത്തിലെ ഗൂഢാലോചന കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമ ഭാരതിയും പ്രതികളാണ്. കഴിഞ്ഞ ആഴ്ച അദ്വാനി വീഡിയോ കോൺഫറൻസിലൂടെ ലക്നൗവിലെ പ്രത്യേക സിബിഐ കോടതിക്ക് മുമ്പാകെ ഹാജരായി തനിക്കെതിരേയുള്ള കുറ്റങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ മുരളി മനോഹർ ജോഷിയും ഉമ ഭാരതിയും നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു.
രാമജൻമ ഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല. കോവിഡ് സാഹചര്യത്തിൽ ചടങ്ങ് ഓൺലൈനായി നടത്തണമെന്ന് നേരത്ത് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗികമായ ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ല.
കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ 50 വിഐപികൾക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.