നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കുടുതൽ സമയം തേടി ജഡ്ജി, സുപ്രീംകോടതിയെ സമീപിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂർത്തിയാക്കാൻ അനുവദിച്ച സമയ പരിധി നീട്ടണമെന്ന് പ്രത്യേക കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ ആറ് മാസത്തെ സമയം കൂടി വേണം എന്നാണ് വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം.
നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. എന്നാൽ കോവിഡും, ലോക്ഡൗണും കാരണം സുപ്രീം കോടതി നിർദേശിച്ച സമയപരിധിക്ക് ഉള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് ജഡ്ജി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.
വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസ് എ എം ഖാൻവിൽക്കർ നേതൃത്വം നൽകുന്ന സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും. കേസ് പരിഗണിക്കാൻ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി വർഗീസിനെ ഈ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത്. എന്നാൽ നിശ്ചയിച്ചയിച്ചതിനും രണ്ടരവർഷത്തോളം വൈകിയാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പല തവണ പ്രതികളായ ദിലീപും മറ്റും മേൽക്കോടതികളിലടക്കം ഹർജി നൽകിയതായിരുന്നു കേസിന്റെ വിചാരണ നീളാൻ ഇടയാക്കിയത്.