പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒപ്പമുണ്ടായിരുന്ന 43 പേര് ക്വാറന്റൈനില്‍
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം പള്ളിയില്‍ രാവിലെ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് വൈകിട്ടോടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതനൊപ്പം നിസ്കാരത്തില്‍ പങ്കെടുത്ത 43 പേര് ക്വാറന്റൈനില്‍ പ്രവേശിച്ചു. കോവിഡ് ബാധിച്ച ആളുടെ കുടുംബാംഗങ്ങളോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചെറുവത്തൂരിലെ പഴക്കടയില്‍ ജോലി ചെയ്യുന്ന ആള് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെറുവത്തൂര്‍ സി.എച്ച്.സിയില്‍ സ്രവം പരിശോധനക്കായി നല്‍കിയിരുന്നു. ഇന്നലെ രാവിലെ ഈ വ്യക്തി പള്ളിയിലെത്തുകയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ നമസ്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. വൈകിട്ട് പരിശോധനാഫലം പുറത്തുവന്നതോടെയാണ് പഴക്കട ജീവനക്കാരന് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.
ആരോഗ്യപ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തതായി അറിഞ്ഞത്. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പള്ളി അധികൃതരുമായി ബന്ധപ്പെടുകയും നമസ്കാരത്തില്‍ പങ്കെടുത്തവരോടെല്ലാം ക്വാറന്റൈനില്‍ പോകാനും കുടുംബാംഗങ്ങളോട് നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദ്ദേശിക്കുകയുമായിരുന്നു.