തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു; പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ കാണാതായി. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.മാസങ്ങൾക്ക് മുമ്പ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന വിവരം ഇനിയും അറിവായിട്ടില്ല.ട്രഷറി ഉദ്യോഗസ്ഥനെതിരെ സബ് ട്രഷറി ഓഫീസർ നടപടി ആവശ്യപ്പെട്ട് പരാതി നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും ജില്ലാ ട്രഷറി ഓഫിസർ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയോഗിച്ച് തട്ടിപ്പു നടത്തിയതാണ് പ്രാഥമിക വിവരം.കൊവിഡ് കാലമായതിനാൽ വിരമിക്കലിന് മാസങ്ങൾക്കു മുമ്പ് ഉദ്യോഗസ്ഥൻ ലീവിൽ പോയി. ഇദ്ദേഹത്തിന്റെ പാസ്വേഡ് കൈക്കലാക്കി സഹപ്രവർത്തകൻ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു.തുക മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ ട്രാൻസാക്ഷൻ നമ്പർ ജനറേറ്റ് ചെയ്തതിനുശേഷം പിന്നീട് റദ്ദാക്കിയതും റിസർവ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ശ്രദ്ധിച്ചു. തട്ടിപ്പു നടന്നതായി ഉദ്യോഗസ്ഥർ സബ്ട്രഷറി ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്നാണ് പരിശോധന ആരംഭിച്ചത്.