വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍, ബി.ജെ.പിക്ക് വേണ്ടി പാര്‍ട്ടി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല; നയം വീണ്ടും ഉറപ്പിച്ച് സച്ചിന് പക്ഷം
ജയ്പൂര്‍: ആഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം നടക്കാനിരിക്കെ കോണ്‍ഗ്രസ് വിടാനുള്ള ഉദ്ദേശ്യം ഇല്ലെന്ന് ഉറപ്പിച്ച് സച്ചിന് പക്ഷം. സച്ചിന് ക്യാമ്പില്‍ നിന്നുള്ള എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് വീണ്ടും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് നേരത്തെ തന്നെ സച്ചിന് പൈലറ്റും മറ്റ് എം.എല്‍.എമാരും വ്യക്തമാക്കിയിരുന്നു.
പൈലറ്റിന്റെ വിശ്വസ്തനും ലഡ്നുനില്‍ നിന്നുള്ള എം.എല്‍എയുമായ മുകേഷ് ഭക്കറാണിപ്പോള് പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടി താന്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഭക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്നും ബി.ജെ.പിക്കുവേണ്ടി പാര്‍ട്ടി വിടില്ലെന്നും ദ ഇന്ത്യന്‍ എക്സപ്രസിനോട് ഭക്കര്‍ പറഞ്ഞു.
ബി.ജെ.പിയിലേക്ക് പോകാനാണ് സച്ചിനും 18 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടുപുറത്തു പോയതെന്ന ആരോപണം തുടക്കംമുതല്ക്കു തന്നെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പുറത്തുപോയെങ്കിലും ഇപ്പോഴും കോണ്ഗ്രസുകാരന് തന്നെയാണെന്ന് സച്ചിന് വ്യക്തമാക്കിയിരുന്നു.
അതേസമയം, കോണ്‍ഗ്രസ് വിപ്പ് നല്കിയാല് ആഗസ്റ്റ് 14 ന് നടക്കാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന് പക്ഷക്കാരനായ മറ്റൊരു വിമത എം.എല്‍.എ വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ പോലും പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടലില്ലെന്നും പാര്‍ട്ടി വിപ്പ് നല്കിയാല് നിയമസഊയില് പങ്കെടുക്കും എന്നുമാണ് സച്ചിന് ക്യാംപിലെ എം.എല്‍.എ ആയ
ഗജേന്ദ്ര സിംഗ് ശക്തിവത് പറഞ്ഞത്.
തങ്ങള്‍ സച്ചിന് പൈലറ്റിന്റെ കൂടെയുണ്ടാകുമെന്നും സച്ചിന് എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും ഗജേന്ദ്ര സിംഗ് പറഞ്ഞിരുന്നു.