പാണത്തൂരിൽ അണലി കടിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ജിനിലിന്റെ കോവിഡ് ഫലം നെഗറ്റീവ്
കാഞ്ഞങ്ങാട് : ഒരു കുരുന്നുജീവനെ കൈവിട്ടുപോകാതെ നെഞ്ചോടു ചേർത്തു കാത്തുരക്ഷിച്ച രക്ഷകനു വേണ്ടിയുള്ള ലോകത്തിന്റെ പ്രാർഥന ഒടുവിൽ ഫലം കണ്ടു. സിപിഎം കാസർകോട് വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ പാണത്തൂർ യൂണിറ്റ് കൺവീനറുമായ ജിനിൽ മാത്യുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. കാസർകോട് വട്ടയത്ത് ക്വാറന്റീലിനിലിരിക്കെ വീട്ടിൽവച്ച് അണലി കടിച്ച ഒന്നര വയസ്സുകാരിയെ സമയോചിത ഇടപെടൽകൊണ്ടു രക്ഷപ്പെടുത്തിയ കീച്ചിറ വീട്ടിൽ ജിനിലിന്റെ വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും ഉൾപ്പെടെ ഒട്ടേറെ പേർ ജിനിലിന് പ്രശംസയുമായെത്തിയിരുന്നു.
ജൂലൈ 28നാണ് കോവിഡ് ഫലം നെഗറ്റിവായത്. 23ന് ഒന്നര വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജിനിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറിയിരുന്നു. ഇനി ടെസ്റ്റുകളൊന്നും ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച വീട്ടിലേക്കു തിരികെപ്പോകുമെന്നും അദ്ദേഹം ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ആദ്യ ഫലം നെഗറ്റിവായിരുന്നു. 31ന് ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും നെഗറ്റിവാണെങ്കൽ വീട്ടിലേക്കു പോകാം.
ഒന്നര വയസ്സുകാരിയും ആശുപത്രിയിൽ സുഖമായിരിക്കുന്നു. കുട്ടിയുടെ മാതാപിതാക്കളെ പരിയാരം മെഡിക്കൽ കോളജിലേക്ക് കാറിൽ എത്തിച്ച വിശാഖ്, അലൻ റിക്സൻ എന്നിവരും ക്വാറന്റീനിൽ സുഖമായിരിക്കുന്നു. ടെസ്റ്റ് ഫലം വൈകുന്നതിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരുടെയും ഫലം നെഗറ്റിവായതിന്റെ സന്തോഷത്തിലാണ് ആരോഗ്യപ്രവര്ത്തകരും. എല്ലാവരുടെയും സുഖവിവരങ്ങൾ ദിവസവും അന്വേഷിച്ചുറപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ജിനിലിന്റെ ജീവിതവും മുന്നോട്ടു പോകുന്നത്.
ഒരിക്കലും മറക്കാനാകാത്ത ആ രാത്രി
ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാസർകോട് പാണത്തൂർ വട്ടക്കയത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്ന കുട്ടിയെ പാമ്പു കടിച്ചത്. ജൂലൈ 16 മുതൽ കോവിഡ് ക്വാറന്റീനിൽ കഴിയുന്ന അധ്യാപക ദമ്പതികളുടെ മകളെയായിരുന്നു ജനലിൽ ചുറ്റിക്കിടന്ന അണലി കടിച്ചത്. തൊട്ടപ്പുറത്തായിരുന്നു ജിനിൽ മാത്യു താമസിച്ചിരുന്നത്. കരച്ചിൽ കേട്ട് ചിലരൊക്കെ പുറത്തേക്കിറങ്ങിയെങ്കിലും ആരും വീട്ടിലേക്കു കടക്കാൻ തയാറായില്ല. എന്നാൽ ഓടിയെത്തിയ ജിനിൽ വേലിക്കു സമീപം നിന്ന് എന്താണു കാര്യമെന്നു ചോദിച്ചു. കുഞ്ഞിനെ പാമ്പു കടിച്ചെന്നു കേട്ടതോടെ വേറൊന്നും ആലോചിച്ചില്ല, നേരെ വീട്ടിലേക്കു കയറി.
മുറിയുടെ ജനലിൽ അപ്പോഴും ചുറ്റിക്കിടപ്പുണ്ടായിരുന്നു പാമ്പ്. കാലിന്റെ പെരുവിരലോളം വലുപ്പമുള്ള തലയുമായി ചുറ്റിനിന്ന പാമ്പിനെ അപ്പോൾത്തന്നെ തല്ലിക്കൊന്നു. ജനലിനോടു ചേർന്നുവച്ചിരുന്ന വിറക് വഴിയായിരിക്കാം പാമ്പ് കയറിയതെന്നാണു കരുതുന്നത്. ചത്ത പാമ്പിനെ ഒരു കവറിലെടുത്തു, ആകെ പകച്ചുനിന്ന കുഞ്ഞിനെയും വാരിയെടുത്ത് ജിനിൽ പുറത്തേക്കിറങ്ങി. ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിനെ അതിനിടെ വിളിച്ചിരുന്നു. കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിൽ തന്നെയുണ്ടായിരുന്ന ബിനു നിമിഷങ്ങൾക്കകം പാഞ്ഞെത്തി. കുഞ്ഞുമായി പുറത്തേക്കിറങ്ങുമ്പോഴേക്കും ആംബുലൻസ് എത്തിയിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു വട്ടക്കയത്തുനിന്ന് 44 കിലോമീറ്ററാണ് ദൂരം. ആംബുലൻസ് പാഞ്ഞു പോകുന്നതിനിടെ മെഡിക്കൽ ഓഫിസർ ആസിഫിനെയും പഞ്ചായത്ത് പ്രതിനിധിയെയും വിളിച്ചു കാര്യം പറഞ്ഞു. ഇടയ്ക്ക് കുഞ്ഞിന്റെ മാതാപിതാക്കളും വിളിക്കുന്നുണ്ടായിരുന്നു. കടിച്ചത് അണലിയാണെന്നറിഞ്ഞതോടെ എല്ലാവരും പേടിച്ചുവിറച്ചിരുന്നു. പക്ഷേ ഈ ബഹളങ്ങൾക്കിടയിൽ യാതൊരു കുഴപ്പവുമില്ലാതെ ആ കുഞ്ഞ് ജിനിലിനോട് ചേർന്നിരുന്നു, ഒന്നു കരഞ്ഞതു പോലുമില്ല. അപ്പോഴേക്കും കുഞ്ഞിന്റെ കൈ നീരുവച്ചു വീർക്കാൻ തുടങ്ങിയിരുന്നു. അര മണിക്കൂറാകുമ്പോഴേക്കും ആശുപത്രിയിലെത്തി. വന്നിറങ്ങുമ്പോഴേക്കും ഡോക്ടറും നഴ്സുമാരുമുൾപ്പെടെ കാത്തു നിൽപ്പുണ്ടായിരുന്നു. ജനപ്രതിനിധികളും മെഡിക്കൽ ഓഫിസറും ഉൾപ്പെടെ ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലം.
പാമ്പിനെ കണ്ട ഡോക്ടർ പറഞ്ഞു–ഉഗ്ര വിഷമുള്ള ഇനമാണ്. ഐസിയുവിൽ പ്രവേശിപ്പിക്കണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊറോണ ഐസിയു ഉണ്ടായിരുന്നില്ല. ഇനി രക്ഷ പരിയാരം മെഡിക്കൽ കോളജാണ്. ആംബുലൻസ് പാഞ്ഞു. അപ്പോഴും കുട്ടി നിഷ്കളങ്കമായി ജിനിലിന്റെ മടിയിലിരുന്ന് ചിരിച്ചു. ആദ്യമായിട്ടാണ് കുട്ടി ജിനിലിനെ കാണുന്നതു പോലുമെന്നോർക്കണം!
ജനലിൽ ചുറ്റിയ അണലി; കടിയേറ്റ കുഞ്ഞിന് കോവിഡ്, ആരും വന്നില്ല, രക്ഷകനായി ജിനിൽ
മുക്കാൽ മണിക്കൂർകൊണ്ട് ആംബുലൻസ് പരിയാരത്തെത്തി. വന്നിറങ്ങുമ്പോൾതന്നെ മെഡിക്കൽ സംഘം റെഡിയായിരുന്നു. ‘കാഞ്ഞങ്ങാട്ടുനിന്ന് പാമ്പു കടിച്ച കുട്ടിയുമായി എത്തിയതല്ലേ..?’ എന്ന ചോദ്യത്തിൽനിന്നു വ്യക്തമായി ആ യാത്രയ്ക്കിടയിലും കുഞ്ഞിനു വേണ്ടി എത്രയോ പേർ ഇടപെട്ടിട്ടുണ്ടെന്ന്. നഴ്സുമാരെല്ലാം ഓടിയെത്തി, കുട്ടി ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചു. മരുന്നുകൊടുത്തു. ‘എനിക്കും ഉണ്ട് ഇതേ പ്രായത്തിലൊരു കുഞ്ഞ്. ഒരു ടെൻഷനും വേണ്ട…’ എന്ന ഒരു നഴ്സിന്റെ ആശ്വാസവാക്കുകളുടെ ബലത്തിൽ ജിനിലും സ്വസ്ഥമായിരുന്നു. ‘നഴ്സുമാരെ പലരും അനാവശ്യമായി ചീത്ത പറയുന്നതിന്റെ വിഷമം അപ്പോഴാണ് ശരിക്കും തിരിച്ചറിഞ്ഞത്. ആ കുഞ്ഞിനു വേണ്ടി രാത്രിയിൽ അത്രയേറെ കരുതലോടെയായിരുന്നു അവർ ഓടിനടന്നത്..’ ആ നാൽപത്തിയഞ്ചുകാരൻ ഓർക്കുന്നു.
കുട്ടിക്ക് വിഷം ഇറങ്ങാനുള്ള മരുന്നു കൊടുത്തു, വൈകാതെതന്നെ അപകടനില തരണം ചെയ്തു. പിറ്റേന്ന് സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. മാതാപിതാക്കൾക്കും ജനപ്രതിനിധികൾക്കും മെഡിക്കൽ സംഘത്തിനുമെല്ലാം ആശ്വാസം. ജിനിലും തിരികെ വീട്ടിൽപ്പോയി. പക്ഷേ കുളിച്ചാണ് വീട്ടിൽ കയറിയത്. സാനിറ്റൈസറും ഉപയോഗിച്ചു. അന്നു മുതൽ ഒറ്റയ്ക്ക് ഒരു മുറിയിലാണു കഴിഞ്ഞതും. 23നാണ് കുഞ്ഞിന് കോവിഡ് പോസിറ്റിവാണെന്നറിയുന്നത്. അന്നു വൈകിട്ടുതന്നെ ക്വാറന്റീൻ സെന്ററിലേക്ക് സ്വമേധയാ ജിനിലും മാറി. അതിനു കാരണവുമുണ്ട്.
‘വീട്ടിൽ മൂന്നു മക്കളും ഭാര്യയുമുണ്ട്. രണ്ടു പെൺമക്കളിൽ ഒരാൾ എസ്എസ്എൽസി പാസ്സായി, രണ്ടാമത്തെയാൾ അഞ്ചാം ക്ലാസിലും. പിന്നെയുള്ള ഇളയമകൻ അഞ്ചു വയസ്സുകാരനാണ്. അവനാണെങ്കിൽ അച്ഛൻ വന്നാൽ മുതുകത്ത് കയറി മറിയണം. പക്ഷേ ഞാൻ ഒറ്റയ്ക്കൊരു മുറിയിലേക്കു മാറിയതോടെ അവൻ അസ്വസ്ഥനായി. ഇടയ്ക്കുവന്ന് വാതിലിൽ മുട്ടാനും തുടങ്ങി. അങ്ങനെയാണ് ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറാൻ തീരുമാനിച്ചത്…’ ജിനിൽ പറയുന്നു. ഭാര്യയും കുട്ടികളും ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. ജിനിലിന്റെ ഫലം നെഗറ്റിവായത് അവർക്കും ഏറെ ആഹ്ലാദം പകരുന്നു.
ക്വാറന്റീനിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു; കുട്ടി കോവിഡ് പോസിറ്റീവ്
അതിനിടെ പാമ്പു കടിച്ച കുഞ്ഞിന്റെ മാതാപിതാക്കളെ പരിയാരത്തേക്ക് എത്തിക്കാൻ ആരും തയാറാകാതെ വന്നതോടെ സമീപവാസികളായ വിശാഖ്, അലൻ റിക്സൻ എന്നീ യുവാക്കളാണ് മുന്നിട്ടിറങ്ങിയത്. കാറിൽ മാതാപിതാക്കളെ കുഞ്ഞിനരികിലേക്ക് എത്തിക്കുകയും ചെയ്തു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരും ക്വാറന്റീനിലേക്കു മാറുകയായിരുന്നു. ജിനിലിനു പക്ഷേ കോവിഡിനെപ്പറ്റി യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. അതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘ഒരു 10–15 മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻതന്നെ അപകടത്തിലാകുമായിരുന്നുവെന്നാണ് ഡോക്ടർമാർ അന്നു രാത്രി എന്നോടു പറഞ്ഞത്. അന്നനുഭവിച്ച ടെൻഷൻ ഓർക്കുമ്പോൾ കോവിഡൊക്കെ നിസ്സാരം…’