കാസർകോട് : കാസർകോട് ജില്ലയിലെ 20-ഓളം സ്വർണക്കടത്തുകാരുടെ പേരുവിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ളതും നേരത്തേയുണ്ടായതുമായ കേസുകളിൽ ഉൾപ്പെട്ടവരാണിവർ. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വിമാനത്താവളങ്ങളിൽനിന്ന് പലവിധ മാർഗങ്ങളിൽ പുറത്തെത്തിച്ച് ജില്ലയിലേക്ക് പ്രവേശിച്ചശേഷം പോലീസിന്റെ കൈകളിലകപ്പെട്ട കേസുകളാണ് ഇവരിലേറെപ്പേർക്കെതിരെയുമുള്ളത്. ഇവർക്കാർക്കെങ്കിലും തിരുവനന്തപുരത്തെ സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.
സ്വർണക്കടത്തിന് ‘ചെറുകാരിയർമാർ’
സ്വർണം കൊണ്ടുവരുന്ന ‘ചെറുകാരിയർ’മാരുടെ പേരുവിവരങ്ങളും ശേഖരിച്ചുതുടങ്ങി. കള്ളക്കടത്തുകാർക്കുവേണ്ടി ഒന്നോരണ്ടോ തവണ മാത്രം കുറച്ച് സ്വർണം കൊണ്ടുവരുന്നവരാണ് ചെറു കാരിയർമാർ.
ഗൾഫിൽനിന്ന് നാട്ടിലേക്ക് വരുന്ന പാവപ്പെട്ടവരെയാണ് ഇതിനായി ഉപയോഗിക്കുന്നത്. നാട്ടിലേക്കുള്ള ടിക്കറ്റാണ് ഇവർക്കുള്ള പ്രതിഫലം. ഇത്തരത്തിൽ കോടികളുടെ സ്വർണം ഓരോമാസവും ജില്ലയിലെത്തുന്നുണ്ടെന്നാണ് കണക്ക്.
അപൂർവം ചിലർ മാത്രമേ പിടിക്കപ്പെടുകയൂള്ളൂ. ഒരാൾക്ക് നിയമപ്രകാരം കൊണ്ടുവരാവുന്ന അഞ്ചുകിലോ സ്വർണം നികുതിയടയ്ക്കാതെ ഇവിടെയെത്തിക്കുന്ന വലിയ കാരിയർമാരുമുണ്ട്. ഇടയ്ക്കിടെ ദുബായിലും മറ്റും പോയിവരുന്നവരാണ് ഇത്തരക്കാരിലേറെയും. വിമാനത്താവളത്തിൽനിന്ന് പുറത്തുകടന്നാൽ പിന്നീടുള്ള യാത്ര ആംബുലൻസിലോ ആഡംബരക്കാറിലോ ഒക്കെയായിരിക്കും.
ബെംഗളൂരുവിൽനിന്നും മറ്റും വരുന്ന ബസ്സുകളിലും ഇത്തരക്കാർ ബാഗ് നിറയെ സ്വർണവുമായി നാട്ടിലെത്തുന്നു. മുൻപ് പിടിക്കപ്പെട്ട ഒന്നിലേറെ കേസുകൾ ഇതിനുദാഹരണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സ്വർണാഭരണങ്ങളായി ഒരു ലക്ഷം രൂപയുടെ സ്വർണം സ്ത്രീകൾക്ക് കൊണ്ടുവരാമെന്നതിനാൽ അവരെയും സ്വർണക്കടത്തുകാർ കാരിയർമാരാക്കുന്നു.