മലപ്പുറം :കണ്ണൂരിലെ ആര്‍എസ്എസ് ക്വട്ടേഷന്‍ ടീം നിലമ്പൂരില്‍ പിടിയിലായ സംഭവത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന് ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ വധശ്രമ ഗൂഢാലോചനക്ക് പൊലീസ് കേസെടുത്തു. നാല് ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെയുള്ള പത്ത് പേര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കെ പി സി സി സാംസ്കാരിക സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത്, യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന് പായിമ്പാടം, സെക്രട്ടറി മൂര്‍ഖന്‍ ശറഫുദ്ദീന്‍, കണ്ണൂരില്‍ നിന്നെത്തിയ ആര്‍എസ്എസ് ക്രിമിനലുകളായ വിപിന്‍, ലിനീഷ്, ജിഷ്ണു, അഭിലാഷ്, പാട്ടക്കരിമ്പ് റീഗല്‍ എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രന്, ജയ മുരുകേശ്, എം പി വിനോദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പിവി അന്‍വര്‍ എംഎല്‍എ യുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനായ നിലമ്പൂര്‍ എംഎല്‍എ യെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടു കൂടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 26 നാണ് ആര്‍എസ്എസ് സംഘം നിലമ്പൂരില്‍ എത്തിയത്. നിലമ്പൂരിന്റെ പ്രഥമ എംഎല്‍എ ആയ കെ കുഞ്ഞാലിക്ക് നേരെ ഇതേ പഞ്ചായത്തായ അമരമ്പലം ചുള്ളിയോട് വെച്ചാണ് ജൂലൈ 26 ന് രാത്രി കോണ്‍ഗ്രസ് സംഘം വെടിവെച്ചത്.
സമാനമായ സ്വഭാവമാണ് ഇതേ ദിവസം ആര് എസ് എസ് ക്രിമിനല്‍ സംഘം അമരമ്പലം പാട്ടക്കരിമ്പ് റീഗല്‍ എസ്റ്റേറ്റില്‍ എത്തിയതിന് പിന്നിലെന്നുമാണ് സംശയിക്കുന്നത്. എസ്റ്റേറ്റില്‍ പ്രാദേശിക തൊഴില്‍ തര്‍ക്കം സൃഷ്ടിച്ച് സ്ഥലത്തെത്തുന്ന ജനപ്രതിനിധിയെ അപായപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് എംഎല്‍എ നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം ധനരാജ് വധക്കേസ് ഉള്‍പ്പെടെ ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിപിന്‍, കൂട്ടുപ്രതികളായ ജിഷ്ണു, അഭിലാഷ് എന്നിവര്‍ കണ്ണൂരില്‍ പൊലിസ് പിടിലായി.
പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് നിന്നുള്ള പൊലീസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.