കുവൈറ്റ് : കോവിഡ് രോഗബാധയുടെ പശ്ചാതലത്തില്‍ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാര്ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. മന്ത്രിസഭാ യോഗമാണു ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ട്വിറ്റര്‍ അകൌണ്ടില് വ്യക്തമാക്കി.
ഇന്ത്യക്ക് പുറമേ ഇറാന്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കാണു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ ഒഴികെയുള്ള രാജ്യത്തെ പൗരന്മാര്ക്ക് രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങള്‍ ഉണ്ടാകില്ല എന്നാണു അറിയിപ്പില്‍ പറയുന്നത്.
നാല് മാസത്തിലധികമായി നാട്ടില്‍ പോയി തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിപോയ പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതമാണ് ഇപ്പോഴത്തെ ഈ തീരുമാനം. ആഗസ്ത് ഒന്ന് മുതല്‍ സാധാരണ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ തിരിച്ചുവരാന്‍ കഴിയും എന്ന ആശ്വാസത്തില്‍ കഴിഞ്ഞവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതുമാണ് പെട്ടെന്നുള്ള തീരുമാനം.
യാത്ര വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസി സമൂഹം.