കാസർകോട് : തുര്‍ക്കിയില്‍ നിന്ന് ഉക്രയിനിലേക്കുള്ള കപ്പല്‍ യാത്രക്കിടെ കയ്യൂര്‍ സ്വദേശിയായ യുവാവിനെ കാണാതായി. കയ്യൂരിലെ ആറ്റിപ്പില്‍ കുമാരന്-വത്സല ദമ്പതികളുടെ മകന് പി. വിഷ്ണു(28)വിനെയാണ് കാണാതായത്. കപ്പല്ക്യാപ്റ്റനാണ് ഫോണിലൂടെ വിഷ്ണുവിന്റെ കുടുംബത്തെ ഈ വിവരം അറിയിച്ചത്. മൂന്ന് വര്‍ഷത്തോളമായി വിഷ്ണു ചരക്കുകപ്പലായ ജഗ് അജയ് കപ്പലിൽ ജോലി ചെയ്തുവരികയാണ്. അവധിക്ക് നാട്ടിലേക്ക് വന്ന വിഷ്ണു ഒരാഴ്ച മുമ്പാണ് തിരിച്ചുപോയത്. കപ്പൽ ഇപ്പോൾ ഉക്രൈനിൽ എത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുംബൈയിലെ ഗ്രേറ്റ് ഈസ്റ്റേണ്‍ കമ്പനി അധികൃതരുമായും എം.എല്‍.എ സംസാരിച്ചു..
അതിനിടെ, വിഷ്ണു കാണാതായത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബി എൻ സി ക്ക് കിട്ടി. മുംബൈയിലെ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജഗ് അജയ് എന്ന കൂറ്റൻ കപ്പലിൽ നിന്നാണ് വിഷ്ണുവിനെ ജൂലൈ 28 ന് രാത്രി പത്തുമണിയോടെ കാണാതായത്. കപ്പലിലെ കുക്ക് ആയിരുന്നു യുവാവ്. കാണാതായ ഉടൻ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തിയിരുന്നു. തുർക്കി സമുദ്ര രക്ഷാ സേന തിരച്ചിൽ തുടരുന്നുണ്ട്. 82, 000ടൺ ഭാരം വഹിക്കുന്ന കപ്പലിന് 223മീറ്റർ നീളവും 32മീറ്റർ വീതിയുമുണ്ട്.