തിരുവനന്തപുരം: കൈരളി ന്യൂസ് ചാനൽ തലപ്പത്ത് അഴിച്ചുപണി. ന്യൂസ് 18 ചാനൽ വിട്ട് കൈരളിയിലെത്തുന്ന ശരത് ചന്ദ്രൻ എക്സിക്യുട്ടീവ് ചുമതല ഏറ്റെടുക്കും.
കൈരളി ന്യൂസ് എക്സിക്യുട്ടീവ് എം. രാജീവ് രാജിവെച്ചത് പിന്നാലെയാണ് പുതിയ മാറ്റം. എൻ പി ചന്ദ്രശേഖരൻ ന്യൂസ് ഡയറക്ടറായി തുടരും.
ഓഗസ്റ്റ് ഒന്ന് മുതൽ ശരത് ചന്ദ്രൻ എക്സിക്യുട്ടീവ് എഡിറ്ററായി ചുമതലയേറ്റെടുക്കും, റിലയൻസിന്റെ നെറ്റ്വർക്ക് 18ന്റെ കീഴിലുള്ള ന്യൂസ് 18 കേരളത്തിലെ അസോസിയേറ്റ് എഡിറ്ററായിരുന്നു ശരത് ചന്ദ്രൻ ചാനലിൽ നിന്ന് കഴിഞ്ഞ മാസമാണ് രാജിവെച്ചത്.
സർക്കാരിനെതിരെ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെ കൈരളിയും ദേശാഭിമാനിയും സമൂഹ മാധ്യമങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി ചാനൽ മാനേജിംഗ് എഡിറ്റർ ജോൺ ബ്രിട്ടാസ് പ്രൈം ടൈം ചർച്ചകളുടെ അവതരണം ഏറ്റെടുത്തിരുന്നു.
ജോൺ ബ്രിട്ടാസിനൊപ്പം ശരത് ചന്ദ്രനും പ്രൈം ടൈം ചർച്ചകളിലെത്തുന്നതോടെ ഓഗസ്റ്റ് മുതൽ ചാനൽ സജീവമാക്കാനാണ് തീരുമാനം.