നിലമ്പൂര്‍: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്കി. കോണ്‍ഗ്രസ് നേതാവും കൊല്ലം സ്വദേശിയായ വ്യവസായിയുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് അന്‍വര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.ഐ.എം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിന്‍ അടക്കമുള്ള നാലംഗ സംഘം പൂക്കോട്ടുംപാടത്ത് എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
അറസ്റ്റിലായ ആര്.എസ്.എസ് ക്രിമിനല്‍ സംഘത്തെ കോണ്‍ഗ്രസ് നേതാക്കളാണ് ജാമ്യത്തിലിറക്കിയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ പാലക്കോട് രാമന്തളി കാക്കംപാറ മറ്റുകാരന്‍ വിപിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അറസ്റ്റിലായത്. വിപിനു പുറമെ പയ്യന്നൂര്‍ മഴൂര്‍ പെരുപുരയില്‍ ലിനീഷ് (30), പഴയങ്ങാടി സതീനിലയം ജിഷ്ണു (26) പഴയങ്ങാടി ചെങ്കല്‍ത്തടം കല്ലന് അഭിലാഷ്(28) എന്നിവരാണ് കഴിഞ്ഞ 27ന് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്.
ജൂലൈ 26 ന് വൈകിട്ടാണ് കണ്ണൂരില്‍ നിന്ന് ഏഴംഗ സംഘമെത്തിയത്. എസ്റ്റേറ്റിലെ തൊഴിലാളികളെ ആക്രമിച്ചതിന് 27 ന് രാവിലെ പൂക്കോട്ടുംപാടം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
തൊട്ടു പിറകെയാണ് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന് പായമ്പാടം, സെക്രട്ടറി മൂര്‍ഖന്‍ ഷറഫുദ്ദീന് (കുഞ്ഞു) എന്നിവരെത്തി ഇവരെ ജാമ്യത്തിലിറക്കിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.