ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്കാന് കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദ് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് മഹാമാരി മൂലമുണ്ടായ വരുമാനക്കുറവ് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധന സെക്രട്ടറി. സംസ്ഥാനങ്ങളോടുള്ള പ്രതിബദ്ധത എങ്ങനെ സര്‍ക്കാരിന് ഒഴിവാക്കാനാകുമെന്ന് അംഗങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു.
ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണണ്‍ പാണ്ഡെ ഇതിന് മറുപടി നല്കി.
2019-20 സാമ്പത്തിക വര്‍ഷത്തിലെ 13806 കോടിയുടെ ജി.എസ്.ടി. നഷ്ടപരിഹാരത്തിന്റെ അവസാനഗഡു അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍ നിര്‍ണയിക്കാന്‍ ജൂലായില്‍ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ചേരേണ്ടതായിരുന്നെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മറ്റൊരു വിഷയം ചര്‍ച്ച ചെയ്തതിനെ പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
മഹാമാരിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട നിലവിലെ സമ്പദ് വ്യവസ്ഥയെ കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരായ മനീഷ് തിവാരി, അംബിക സോണി, ഗൗരവ് ഗൊഗോയി, എന്‍.സി.പി. എംപി പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജയന്ത് സിന്‍ഹക്ക് കത്തയച്ചു.
മാര്‍ച്ച് 23-ന് പാര്‍ലമെന്റ് പാസാക്കിയ ബജറ്റ് തുടര്‍ന്ന് പ്രസക്തമാകുന്നില്ല. വരുമാന മാര്‍ഗം സംബന്ധിച്ച് ചില അനുമാനങ്ങള്‍ മാത്രമാണുള്ളത്. മൊത്തത്തിലുള്ള വരുമാനക്കുറവ് സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ഒരു വ്യക്തതയുമില്ല. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തന പാക്കേജിന്റെ ഫലപ്രാപ്തിയും കമ്മിറ്റി പരിശോധിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് എം.പിമാര്‍ ആവശ്യപ്പെട്ടു.