കാസർകോട് ∙ കസബ തുറമുഖത്ത് തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടിയ യുവാവിനെ തുടർച്ചയായി 6 ദിവസം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. പൊലീസ്, തീരദേശ പൊലീസ്, ഫിഷറീസ്, മുങ്ങൽ വിദഗ്ധർ എന്നിവർ അടങ്ങിയ സീ വാട്ടർ റസ്ക്യൂ സംഘം, കണ്ണൂർ ആദികടലായിൽ നിന്നു എത്തിയ സമീറിന്റെ നേതൃത്വത്തിലുള്ള സ്കൂബ സംഘം എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെയും കടലിൽ തിരച്ചിൽ നടത്തി.
കൂട്ടുകാരും പൊലീസും നോക്കി നിൽക്കെയാണ് 22ന് രാവിലെ ആണ് കുഡ്ലു കാള്യംങ്കാട് സ്വദേശി കെ. മഹേഷ് കടലിൽ ചാടിയത്. തീരദേശ പൊലീസ് എസ്ഐ രാജീവൻ വലിയവളപ്പിൽ, എഎസ്ഐ എം.ടി.പി. സെയ്ഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജ്മോഹൻ, റസ്ക്യു ഗാർഡ് ദാമോദരൻ, മനു അഴിത്തല, സ്രാങ്ക് നാരായണൻ ,ജില്ലാ വാട്ടർ റസ്ക്യു ടീം അംഗങ്ങളായ ചന്ദ്രൻ, നിഥിൻ തീർഥങ്കര, അജീഷ് കാഞ്ഞങ്ങാട്, ജോൺ പോൾ ബേക്കൽ എന്നിവർ ആയിരുന്നു തിരച്ചിൽ സംഘത്തിൽ.
യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി സ്കൂബ സംഘത്തിലെ മുങ്ങൽ വിദഗ്ധർ കടലിൽ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. യുവാവിനെ കണ്ടെത്താൻ നേവിയുടെ സഹായം തേടി ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം.മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യ ബന്ധനത്തിൽ ഇല്ലാത്തതിനാൽ ആഴക്കടലിൽ നിരീക്ഷണ സാധ്യത ഇല്ലാതായി.