തിരുവനന്തപുരം: കേരളത്തിൽ ദിനംപ്രതിയുളള കൊവിഡ് കേസുകളുടെ വർദ്ധനവ് ആയിരം കടന്നതോടെ സംസ്ഥാനത്ത് സ്മാർട്ട് ലോക്ക്ഡൗൺ സ്ട്രാറ്റജി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.ജില്ലകളെ യൂണിറ്റാക്കി ജില്ലാ തലത്തിൽ ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കണം, ജില്ലകൾ തമ്മിലുള്ള സഞ്ചാരം ലോക്ക്ഡൗൺ കാലത്തെപ്പോലെ അത്യാവശ്യങ്ങൾക്ക് മാത്രമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥ തുടർന്നാൽ
രണ്ടാഴ്ച കഴിയുമ്പോൾ കേരളമൊട്ടാകെ ഹോട്സ്പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളുമായി മാറുമെന്നും
മുരളി തുമ്മാരുകുടി പറഞ്ഞു.
സമ്പർക്ക വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കണൊയെന്ന ചോദ്യം ഉയർന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് മുരളി തുമ്മാരുകുടി സ്മാർട്ട് ലോക്ക്ഡൗൺ സ്ട്രാറ്റജിയെ പറ്റി പറയുന്നത്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലാ അടിസ്ഥാനത്തിലാണ് സ്മാർട്ട് ലോക്ക്ഡൗൺ സ്ട്രാറ്റജി നടപ്പിലാക്കേണ്ടത്. ജില്ലകൾ തമ്മിലുള്ള സഞ്ചാരം അത്യാവശ്യകാര്യങ്ങൾക്ക് മാത്രം അനുവദിക്കണം. കൂടുതൽ രോഗവ്യാപനമുളള ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗണും മറ്റിടങ്ങളിൽ രോഗവ്യാപനത്തിന്റെ നിലയനുസരിച്ച് ഇളവുകളോടെയുള്ള ലോക്ക്ഡൗണും ഏർപ്പെടുത്തണമെന്നും അദ്ദഹം പറഞ്ഞു. എന്നാൽ കേരളത്തിൽ എല്ലായിടത്തും ഒരുമിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും തുമ്മാരുകുടി വ്യക്തമാക്കി . കേരളത്തിലെ കൊവിഡ് വ്യാപനം തടയുന്നതിനായി മറ്റു ഫലപ്രദമായ മാർഗങ്ങളും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപംകേരളം വീണ്ടും ആയിരം കടക്കുമ്പോൾആയിരത്തിന്പ്ര മുകളിൽ ഉയർന്ന പ്രതിദിന കൊറോണക്കേസുകൾ രണ്ടു ദിവസം താഴേക്ക് വന്നതിന് ശേഷം വീണ്ടും ആയിരം കടന്നതോടെ കേരളം വീണ്ടും പൂട്ടിയിടണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. മാർച്ച് മാസത്തിൽ ഡോക്ടർമാർ മുതൽ രാഷ്ട്രീയ സംഘടനകൾ വരെ എല്ലാവരും ലോക്ക് ഡൌൺ ഉടൻ വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ജൂലായ് മാസത്തിലെ സ്ഥിതി നേരെ തിരിച്ചാണ്. ജീവനോടൊപ്പം പ്രധാനമാണ് ജീവിതവുമെന്നും അതിനാൽ സന്പൂർണ്ണലോക്ക് ഡൌൺ വേണ്ട എന്നുമാണ് ഇന്ന് സാധാരണക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവരുടെ പൊതുവായ ചിന്ത. എൻ്റെ സുഹൃത്തുക്കളും കേരളത്തിലെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക സ്ഥിതിഗതികൾ തൊട്ടടുത്ത് വീക്ഷിച്ചുകൊണ്ടരിക്കുന്നവരുമായ ഏറെ ആളുകൾ ലോക്ക് ഡൌൺ വേണ്ട എന്ന അഭിപ്രായം അപറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിന്റെ പൊതു ചിന്താഗതിയും ഇത് തന്നെയായിരുന്നെന്നാണ് ഞാൻ വായിച്ചത്.ഇന്നലത്തെ കാബിനറ്റ് തീരുമാനവും ആ രീതിയിൽ ആയിരുന്നു.ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രങ്ങൾക്ക് അനുകൂലമായ ഒരു നിലപാട് എടുക്കുക എന്നത് ജനപ്രിയമാകില്ല എന്നെനിക്കറിയാം. എന്നാലും പൊതുസമൂഹത്തിന്റെ അഭിപ്രായം അനുസരിച്ചോ ജനപ്രിയതയെ മുന്നിൽ കണ്ടോ അല്ലല്ലോ നമ്മൾ അഭിപ്രായം പറയേണ്ടത്. ഇപ്പോൾ നടത്തുന്നത് പോലെ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണമല്ല, കുറച്ചുകൂടി വ്യാപകമായ നിയന്ത്രണങ്ങൾ ഇപ്പോൾ നമ്മൾ നടപ്പിലാക്കി തുടങ്ങണം എന്നാണ് എൻ്റെ വിശ്വാസം. അതിൻ്റെ കാരണവും പറയാം.ആയിരം കേസുകളുടെ പ്രസക്തി: കൊറോണ വൈറസിനെ സംബന്ധിച്ചിടത്തോളം പ്രതിദിനം ആയിരം കേസ് എന്നതിന് ഒരു പ്രസക്തിയുമില്ല. കേസുകൾ എത്രയുണ്ടെന്ന് വൈറസ് അറിയുന്നൊന്നുമില്ല. തൊള്ളായിരമോ ആയിരത്തി ഒരുന്നൂറോ എല്ലാം വൈറസിന്റെ വ്യാപനത്തിലെ ഓരോ അക്കങ്ങൾ മാത്രമാണ്. എന്നാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം നൂറ്, ആയിരം, പതിനായിരം, ലക്ഷം, പത്തുലക്ഷം എന്നീ നന്പറുകൾക്ക് നമ്മുടെ മനസ്സിൽ ചില പ്രാധാന്യങ്ങളുണ്ട്. ഇത് വൈറസിന്റെ കാര്യത്തിൽ മാത്രമല്ല. സ്റ്റോക്ക് മാർക്കറ്റിലെ ഇൻഡക്സ് നാല്പത്തിനായിരത്തിന് മുകളിൽ പോകുന്പോഴോ ഇരുപതിനായിരത്തിന് താഴെ പോകുന്പോഴോ ഒക്കെ ഇത്തരം “psychological barrier” ഉണ്ട്. അങ്ങനെ ഒരു സംഖ്യ വരുമ്പോൾ ആളുകൾ പെട്ടെന്ന് ആ വിഷയത്തിൽ ശ്രദ്ധിക്കാൻ തുടങ്ങുന്നു. പ്രതിദിനം കേസുകൾ ആയിരം കടന്ന ദിവസത്തെ കാര്യം തന്നെ നോക്കിയാൽ മതി. സ്വർണ്ണവും വെള്ളിയും ഒക്കെ താഴെയിട്ട് ആളുകൾ രോഗത്തിലും ആരോഗ്യത്തിലും ശ്രദ്ധിച്ചിരുന്നു. ഇത് ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കാനുള്ള ഒരു അവസരത്തിന്റെ കിളിവാതിൽ (window of opportunity) തുറന്നു തരുന്നു. ഇത് ഏറെ നാൾ നിലനിൽക്കില്ല. അടുത്താഴ്ച ദിവസം രണ്ടായിരം കേസുകൾ ഉണ്ടായാൽ സമൂഹത്തിൽ ഇതുപോലൊരു നടുക്കം ഉണ്ടാവില്ല. അപ്പോൾ തീരുമാനങ്ങൾ വേഗത്തിൽ എടുക്കണം, നമ്മളെ സംബന്ധിച്ചിടത്തോളം അതിന് പറ്റിയ സമയമാണിത്.സ്വയം പുഴുങ്ങുന്ന മാക്രികൾ: കഴിഞ്ഞ ദിവസം പറഞ്ഞതാണ് എന്നാലും പുതിയ വായനക്കാർക്കായി ഒന്നുകൂടി പറയാം. Boiling Frog Syndrome എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ. ഒരു തവളയെ ചെറു ചൂടുവെള്ളത്തിലേക്കിട്ടാൽ അത് എടുത്തുചാടി പുറത്തുപോകും. അതേസമയം തണുത്ത വെള്ളത്തിൽ ഇട്ട ശേഷം അടിയിൽ പതുക്കെ ചൂടാക്കിയാൽ താപനില മാറുന്നത് തവള അറിയില്ല, അവസാനം വെള്ളം തിളക്കുന്നതോടെ തവള ചത്തുപോകുകയും ചെയ്യും. ഓരോ സമയത്തും തൊട്ടു മുന്പുള്ളതിനേക്കാൾ “അല്പം” മാത്രം ചൂട് കൂടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് തവളയുടെ കഥ മാത്രമല്ല, മനുഷ്യന്റെ രീതി കൂടിയാണ്. യുദ്ധമോ തീവ്രവാദ ആക്രമണങ്ങളോ നടക്കുന്ന രാജ്യങ്ങളിൽ ആദ്യത്തെ ബോംബ് പൊട്ടുന്ന ദിവസം ആളുകൾ ആകെ പേടിക്കും. ഒന്നോ രണ്ടോ ദിവസത്തേക്ക് പുറത്തേക്ക് പോലും വരില്ല, കുട്ടികളെ പുറത്തേക്ക് വിടുകയുമില്ല. എന്നാൽ ബോംബിങ്ങ് സ്ഥിരമായിക്കഴിഞ്ഞാൽപ്പിന്നെ ജനജീവിതം വീണ്ടും സാധാരണ നിലയിലാകും. കല്യാണങ്ങളും ആഘോഷങ്ങളും നടക്കും, നഴ്സറി സ്കൂളുകൾ പോലും തുറക്കുകയും ചെയ്യും. പ്രതിദിനം ബോംബ് സ്ഫോടനം ഉണ്ടാകുന്ന കാബൂളിൽ ഞാൻ ഇത് എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ആയിരത്തിൻറെ പിടി വിട്ടാൽ പിന്നെ കേസുകളുടെ എണ്ണം ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകുന്നത് ആളുകളിൽ പ്രത്യേക പ്രതികരണമൊന്നും ഉണ്ടാക്കില്ല. പിന്നീട് അത്തരം ആശങ്ക വരുന്നത് പ്രതിദിന കേസുകളുടെ എണ്ണം പതിനായിരം എത്തുന്പോഴോ മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ കവിയുന്പോഴോ ആരോഗ്യപ്രവർത്തകരുടെ മരണം പത്തിൽ കൂടുമ്പോഴോ ഒക്കെയായിരിക്കും. അപ്പോഴേക്കും ഒഴിവാക്കാമായിരുന്ന ഏറെ മരണങ്ങൾ സംഭവിച്ചു കഴിയും. ഇപ്പോൾ തീരുമാനമെടുക്കുന്നതിന്റെ പ്രയോജനം അന്നെടുത്താൽ ഉണ്ടാവുകയുമില്ല.കേസുകളുടെ എണ്ണം പ്രതിദിനം രണ്ടായിരം കവിയുമോ?: കേരളത്തിൽ മൊത്തം കേസുകളുടെ എണ്ണം പ്രതിദിനം രണ്ടായിരം കവിയും എന്നുള്ളത് ഏറെക്കുറെ ഉറപ്പാണ്. വാസ്തവത്തിൽ കേരളത്തിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ ഇപ്പോൾത്തന്നെ കേസുകളുടെ എണ്ണം രണ്ടായിരത്തിൽ എത്തിയിട്ടുണ്ടാകും. അതുകൊണ്ട് കേസുകൾ രണ്ടായിരം എത്തുമോ എന്നത് പ്രസക്തമല്ല. കൂടുതൽ പ്രസക്തമായ ചോദ്യം ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ പ്രതിദിന കേസുകൾ എത്രവരെ പോകാം എന്നുള്ളതാണ്. 333 ലക്ഷം ജനസംഖ്യയുള്ള കേരളത്തിലേക്ക് വൈറസിനെ ഇപ്പോഴത്തെപ്പോലെ പടരാൻ അനുവദിച്ചാൽ പ്രതിദിന കേസുകളുടെ എണ്ണം എവിടെയും എത്താം.ഈ രോഗം ശരിക്കും അത്ര മാരകമല്ലല്ലോ, പ്രത്യേകിച്ചും ചെറുപ്പക്കാർക്ക്. ഇതിനെ നമ്മൾ ഇത്ര പേടിക്കണോ?: ശരിയാണ്, ഈ രോഗം പ്രധാനമായി കൊല്ലുന്നത് പ്രായമായവരെയും മറ്റ് അസുഖങ്ങളുളളവരെയും ആണ്. മറ്റു രാജ്യങ്ങളും ഇങ്ങനെയാണ് ആദ്യം ചിന്തിച്ചത്. ചെറുപ്പക്കാർക്ക് അധികം പേടിക്കാനില്ല എന്ന ചിന്താഗതിയാണ് ഇറ്റലിയിൽ ആദ്യ കാലത്ത് മരണനിരക്ക് ഏറെ വർധിപ്പിച്ചത്. വയസ്സായവരുടെ മാത്രം പ്രശ്നം എന്ന് കരുതി ചെറുപ്പക്കാർ കൂട്ടംകൂടലും കളിയും കള്ളു കുടിയും തുടർന്നു. കേരളം പോലെ തന്നെ പല തലമുറകൾ ഒരുമിച്ച് ജീവിക്കുന്ന സാഹചര്യം ഇറ്റലിയിലും ഉണ്ട്. വീട്ടിൽ കുഞ്ഞുങ്ങളും അപ്പൂപ്പന്മാരും ഒക്കെയുണ്ടാകും. പുറത്തുപോയി അർമ്മാദിച്ച് വന്ന ചെറുപ്പക്കാർ കുട്ടികളുമായി അടുത്തിടപഴകി, കുട്ടികൾ അപ്പൂപ്പന്മാരുമായും. പല അപ്പൂപ്പന്മാർക്കും അങ്ങനെ മരണത്തിന്റെ ചുംബനം ലഭിച്ചത് കൊച്ചുമക്കളിൽ നിന്നാണ്. സ്വന്തം വീട്ടിലെ പ്രതിരോധത്തിൽ വിള്ളലിട്ട് അച്ഛനമ്മമാരെ മരണത്തിന് വിട്ടുകൊടുത്തത് “ഇത് യുവാക്കളുടെ പ്രശ്നമല്ല” എന്ന് ചിന്തിച്ചിരുന്നവരാണ്. മറ്റുള്ള സ്ഥലങ്ങളിൽ നിന്നും പാഠങ്ങൾ പഠിച്ചാൽ നമ്മുടെ മാതാപിതാക്കൾ കൂടുതൽ സുരക്ഷിതരാകും.കേരളം യൂറോപ്പ് പോലെ അല്ലല്ലോ, ഇവിടെ മരണ നിരക്ക് ഏറെ കുറവല്ലേ?: മരണ നിരക്ക് പല തരത്തിൽ കണക്ക് കൂട്ടാം. മൊത്തം മരിച്ചവരും മൊത്തം രോഗം വന്നവരും തമ്മിലുള്ള അനുപാതമായി അല്ലെങ്കിൽ മൊത്തം മരിച്ചവരും രോഗം ഭേദമായവരും തമ്മിലുള്ള അനുപാതമായി,. എങ്ങനെ എടുത്താലും ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കേരളത്തിൽ മരണനിരക്ക് അര ശതമാനത്തിലും കുറവാണ്. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഇത് നമ്മുടേതിനേക്കാൾ പല മടങ്ങാണ്. പക്ഷെ ഒരു കാര്യം നാം ഓർക്കണം. കൊറോണയുടെ കാര്യത്തിൽ മരണ നിരക്ക് നാടകീയമായി കൂടുന്നത് രോഗം മൂർച്ഛിക്കുന്നവർക്ക് വേണ്ടത്ര ആശുപത്രി ജീവൻ രക്ഷാ സംവിധാനങ്ങൾ ലഭിക്കാതിരിക്കുന്പോഴാണ്. ഒന്നാമത്തെ ലോക്ക് ഡൌൺ കൃത്യസമയത്ത് പ്രഖ്യാപിക്കുകയും ഏറെക്കുറെ നന്നായി പാലിക്കുകയും ചെയ്യപ്പെട്ടതിനാൽ കേരളത്തിൽ ഒരിടത്തും ആക്റ്റീവ് കേസുകളുടെ എണ്ണം നമ്മുടെ ഐ സി യു/ വെന്റിലേറ്റർ സൗകര്യങ്ങളുടെ മുകളിൽ പോയില്ല. കേരളത്തിൽ തീവ്ര പരിചരണം വേണ്ട നൂറു കേസുകളും നൂറ് ഐ സി യു/ വെന്റിലേറ്റർ സൗകര്യങ്ങളും ഉള്ളപ്പോൾ മരണനിരക്ക് ഒരു ശതമാനം (നൂറിൽ ഒന്ന്) ആണെങ്കിൽ കേസുകളുടെ എണ്ണം ഇരുന്നൂറും ആശുപത്രി സംവിധാനങ്ങളുടെ എണ്ണം നൂറും ആണെങ്കിൽ മരണനിരക്ക് ഇരുന്നൂറിൽ രണ്ട് ആയിരിക്കില്ല, ഇരുന്നൂറിൽ അഞ്ചോ അതിലധികമോ ആകും. കേരളം ഇതുവരെ ആ സഹചര്യത്തിൽ എത്തിയിട്ടില്ല, പക്ഷെ കേസുകളുടെ എണ്ണം വേഗത്തിൽ വർധിച്ചാൽ ആ സാഹചര്യം ഉണ്ടാകും, മരണ സംഖ്യയും നിരക്കും കൂടും. ആർക്കാണ് വെന്റിലേറ്റർ കൊടുക്കേണ്ടത്, ആരെയാണ് മരണത്തിന് വിട്ടുകൊടുക്കേണ്ടത് എന്ന തീരുമാനം ഡോക്ടർമാർക്ക് എടുക്കേണ്ടി വരും. കേരളത്തിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ബാഹ്യമായ ഇടപെടൽ ഉണ്ടാകും. നമ്മുടെ ജീവൻ നമ്മുടെ പ്രായത്തെ മാത്രമല്ല പണത്തേയും ബന്ധത്തേയും ആശ്രയിക്കുന്ന കാലം വരും. ആ സാഹചര്യം എത്താതെ നോക്കുക എന്നതാണ് ഇനി കൊറോണക്ക് വാക്സിൻ വരുന്നത് വരെ നമ്മുടെ പ്രധാന ലക്ഷ്യം.കോവിഡിൽ രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ പ്രശ്നം ഉള്ളവരേയും ആശുപത്രിയിൽ എത്തിക്കാതിരുന്നാൽ ഇതിന് പരിഹാരം ആവില്ലേ?: രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് പോസിറ്റീവ് ആയി കാണുന്നവരെയും പോസിറ്റിവ് ആയാലും ചെറിയ തോതിൽ മാത്രം രോഗലക്ഷണങ്ങൾ ഉളളവരേയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ താമസിക്കാൻ സൗകര്യം ഒരുക്കുന്നത് ശരിയായ രീതിയാണ്. ഇത് ഐ സി യു വിന്റെയോ വെന്റിലേറ്ററുകളുടെയോ ലോഡ് കുറക്കുന്നതിനുള്ള ഉപാധിയല്ല. എന്നാൽ ആശുപത്രിയിലെ പൊതു സൗകര്യങ്ങളുടെ മേലുള്ള ലോഡ് കുറക്കുക, ആശുപത്രികൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നത് ഒഴിവാക്കുക, ആരോഗ്യപ്രവർത്തകർക്ക് ലഭിക്കുന്ന വൈറസ് ലോഡ് കുറക്കുക എന്നിങ്ങനെ പല ഗുണങ്ങൾ ഇതിനുണ്ട്.രോഗലക്ഷണം ഇല്ലാത്ത പോസിറ്റിവ് കേസുകൾ വീടുകളിൽ ഐസൊലേറ്റ് ചെയ്താൽ പോരെ?: രോഗലക്ഷണങ്ങൾ ഉള്ളതും എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരുമായവരെ വീട്ടിൽ നിരീക്ഷിക്കുന്ന രീതി പല യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ട്. ചിലയിടത്ത് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും അവരോട് ആശുപത്രിയിൽ പ്രവേശിക്കാൻ പറയുന്നില്ലെന്ന് മാത്രമല്ല അവരെ ടെസ്റ്റ് പോലും ചെയ്യാറില്ല. ഇത് പോലെ രോഗം സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ അതിനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ അവിടെ ഐസൊലേറ്റ് ചെയ്യുന്നത് ആരോഗ്യസംവിധാനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടേയും ലോഡ് കുറക്കാൻ സഹായിക്കും.ഇവിടെ വ്യക്തിപരവും സാമൂഹികവുമായ ഏറെ ഉത്തരവാദിത്തബോധം ആവശ്യമാണ്. ഈ രോഗം കേരളത്തിൽ എത്തിയതിന് ശേഷം പൊതുവിൽ ആളുകൾ ഉത്തരവാദിത്ത ബോധത്തോടെയാണ് പെരുമാറുന്നതെങ്കിലും ചെറിയ ശതമാനം ആളുകൾ ഇതിനെ നിസ്സാരവൽക്കരിക്കുന്നു, അതിലൂടെ അവരുടെയും മറ്റുളളവരുടെയും ജീവൻ അപകടത്തിലാക്കുന്നു. ഈ രോഗത്തെ, അപകടത്തെ, അപകട സാധ്യതയെ, പ്രതിരോധ മാർഗ്ഗങ്ങളെ പറ്റി വേണ്ടത്ര അറിയാത്തവർ ഇന്ന് കേരളത്തിലില്ല. എന്നിരുന്നാലും ഒരു ദിവസം ആയിരം പേരിൽ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസം പോലും അയ്യായിരത്തിന് മുകളിൽ ആളുകൾക്കെതിരെ മാസ്കില്ലാത്തതിന് കേസ് ചാർജ്ജ് ചെയ്തു എന്ന വാർത്ത നാം കൂട്ടി വായിക്കണം. മാസ്കുള്ളവരിൽ പലരും അത് മൂക്കിന് താഴെയാണ് ഉപയോഗിക്കുന്നത്, മാസ്ക് കഴുത്തിലെങ്കിലും ഉണ്ടെങ്കിൽ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ല എന്ന മട്ടിലാണ് ആളുകൾ പൊതു സ്ഥലങ്ങളിൽ ഇടപെടുന്നത്. അപ്പോൾ വൈറസ് ബാധിച്ചിട്ടും രോഗലക്ഷണം ഇല്ലാത്തവർ വീട്ടിലിരിക്കാൻ പറഞ്ഞാൽ അവർ അത് അനുസരിക്കണം എന്നില്ല. പൊതുവെ പറഞ്ഞാൽ ഇത്തരം ഒരു ആഗോളമഹാമാരിയുടെ സാഹചര്യത്തിൽ കാണിക്കേണ്ട ഉത്തരവാദിത്തബോധം ഇന്നും നമ്മൾ കാണിക്കുന്നില്ല. കേരളത്തിലെ ഒരു ശതമാനം ആളുകൾ പോലും ഇത്തരത്തിൽ ഉത്തരവാദിത്ത ബോധമില്ലതെ പെരുമാറിയാൽ അത് തന്നെ മൂന്നു ലക്ഷത്തിൽ അധികമായി. കേരളത്തിന്റെ മൊത്തം പൊതുജനാരോഗ്യം കുഴപ്പത്തിലാക്കാൻ അതിൻറെ പത്തിലൊന്ന് ആളുകൾ മതി. അതിൽ കൂടുതൽ ആളുകൾ നിർഭാഗ്യവശാൽ ഇപ്പോൾ നമ്മുടെ ചുറ്റും ഉണ്ട്. കൂടുതൽ ബോധവൽക്കരണവും സമൂഹത്തിന്റെ മേൽനോട്ടവും ഇവിടെ ആവശ്യമാണ്.രോഗവ്യാപനം മുൻകൂട്ടി അറിഞ്ഞുള്ള പ്രവർത്തനം: കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും രോഗവ്യാപനത്തെപ്പറ്റി മനസ്സിലാക്കുന്നത് ഓരോ ദിവസത്തെയും കണക്കുകൾ കേട്ടിട്ടാണ്. അത് തന്നെ അതിന് മുൻപത്തെ ദിവസങ്ങളിൽ ചെയ്ത ടെസ്റ്റുകളിൽ നിന്നുള്ള ഫലമാണ്, അപ്പോൾ ഇന്നലത്തെ വിവരം വെച്ചിട്ടാണ് നമ്മൾ നാളെയെപ്പറ്റി ചിന്തിക്കുന്നത്. . ഇക്കാര്യത്തിൽ നിർമ്മിത ബുദ്ധി നമുക്ക് വലിയ സാദ്ധ്യതകൾ തരുന്നുണ്ട്. കേരളത്തിലെ പത്തുശതമാനം ആളുകളെ എങ്കിലും സഹകരിപ്പിച്ച് ഒരു ബിഗ് ഡേറ്റ അനാലിസിസ് നടത്തിയാൽ അടുത്ത ആഴ്ച രോഗികളുടെ എണ്ണം എവിടെ എത്തുമെന്ന് മാത്രമല്ല ഏത് വാർഡിലാണ് രോഗികൾ കൂടുതൽ ഉണ്ടാകാൻ സാധ്യത എന്നുപോലും നമുക്ക് പ്രവചിക്കാൻ സാധിക്കും. ഈ സംവിധാനം നമുക്ക് ഇപ്പോൾ ഇല്ല. ഇന്ന് രോഗം ഉണ്ടാകുന്ന പ്രദേശങ്ങൾക്ക് നാളെ പൂട്ടിടുകയാണ് നമ്മുടെ രീതി.ഇവിടെയാണ് കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യവും പ്രസക്തിയും. കേരളത്തിലെ രോഗവ്യാപനം ഇപ്പോൾ പ്രതിദിനം ആയിരം കൂടുന്പോൾ അടുത്ത ആഴ്ച എത്രയാകുമെന്നോ എവിടെയാണ് കൂടുതൽ രോഗവ്യാപനം ഉണ്ടാകാൻ പോകുന്നതെന്നോ നമുക്കറിയില്ല. രോഗത്തിന്റെ അതിവേഗത്തിലുള്ള പ്രസരണം ഇപ്പോൾ നമ്മൾ തടഞ്ഞില്ലെങ്കിൽ രണ്ടാഴ്ച കഴിയുന്പോൾ കേരളമൊട്ടാകെ ഹോട്സ്പോട്ടും കണ്ടൈൻമെൻറ് സോണുകളും ട്രിപ്പിൾ ലോക്ക് ഡൗണും ആകും. സമ്പർക്കം അറിയാതെ ഉള്ള കേസുകളുടെ എണ്ണം കൂടുകയാണ്. ദിവസം കേസുകൾ ആയിരക്കണക്കിനാകുമ്പോൾ ഓരോരുത്തരുടേയും കോൺടാക്ട് ട്രെസിങ്ങും റൂട്ട് മാപ്പ് ഉണ്ടാക്കലും ഒക്കെ ഏറെ ബുദ്ധിമുട്ടാകും. ഈ കാര്യം ഡിജിറ്റൽ ആയി ചെയ്യാനുള്ള സാദ്ധ്യതകൾ നമ്മൾ വേണ്ടത്ര ഉപയോഗിക്കുന്നുമില്ല. ഇങ്ങനെ പോയാൽ രോഗികളുടെ എണ്ണം കൂടുമ്പോഴും ആളുകൾ അപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാകാതെ മാസ്കും കഴുത്തിലിട്ട് നടക്കും, രോഗികളുടെ എണ്ണം പ്രാദേശികമായെങ്കിലും ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത് പോകും, മരണനിരക്ക് കൂടും, ആരോഗ്യപ്രവർത്തകരിലേക്ക് മരണം എത്തും, അവർ ക്ഷീണിക്കും. അന്ന് എടുത്ത് ഉപയോഗിക്കാൻ നമ്മുടെ കൈയിൽ മറ്റ് ആയുധങ്ങൾ ഒന്നുമുണ്ടാകില്ല എന്നോർക്കണം.അതുകൊണ്ടാണ് ഇപ്പോൾ തന്നെ ഒരു സ്മാർട്ട് ലോക്ക് ഡൌൺ സ്ട്രാറ്റജി പ്രഖ്യാപിക്കണമെന്ന് ഞാൻ ചിന്തിക്കുന്നത്. കേരളത്തിൽ എല്ലായിടത്തും ഒരുമിച്ച് ലോക്ക് ഡൌൺ പ്രഖ്യാപിക്കേണ്ട കാര്യമില്ല. മറിച്ച് ജില്ലകളെ ഒരു യൂണിറ്റാക്കി ജില്ലാ തലത്തിൽ ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കാം, ജില്ലകൾ തമ്മിലുള്ള സഞ്ചാരം ലോക്ക് ഡൌൺ കാലത്തെപ്പോലെ അത്യാവശ്യത്തിന് മാത്രമാക്കാം. ഏറ്റവും കൂടുതൽ പ്രശ്നങ്ങളുളള ജില്ലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗണും മറ്റിടങ്ങളിൽ രോഗവ്യാപനത്തിൻറെ നിലയനുസരിച്ച് ഇളവുകളോടെയുള്ള ലോക്ക് ഡൗണും ആകാം. ഇതിന് സാന്പത്തികമായ പ്രത്യാഘാതം തീർച്ചയായും ഉണ്ടാകും. എന്നാൽ ഒരിക്കൽ ലോക്ക് ഡൌൺ നടത്തിയ അറിവ് നമുക്കുണ്ട്. ആളുകൾക്ക് ഭക്ഷ്യവസ്തുക്കൾക്കും ആരോഗ്യ സംവിധാനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ, ആരും പട്ടിണി കിടക്കാതെ, മൊത്തമായി ലോക്ക് ഡൌൺ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. അതാവട്ടെ ഏറെ അതിഥി തൊഴിലാളികൾ ഒക്കെ ഉണ്ടായിരുന്ന സമയത്. കർശനമായ ലോക്ക് ഡൌൺ രണ്ടുമാസത്തിലേറെ നീണ്ടു നിന്നു. അപ്പോൾ അതുകൊണ്ട് ഇനിയുളള രണ്ടാഴ്ച ഇത്തരത്തിൽ ജില്ലകൾ തിരിച്ചുള്ള ലോക്ക് ഡൌൺ പദ്ധതി നടപ്പിലാക്കി നമ്മുടെ രോഗവ്യാപനത്തിൻ്റെ ഏഴു ദിവസത്തെ ആവറേജ് വീണ്ടും ആയിരത്തിൻ്റെ താഴെ എത്തിച്ചാൽ അത് നമുക്ക് വലിയ ആശ്വാസവും ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസവും നൽകും.ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയാൽ ആഗസ്റ്റ് മാസത്തിൽ നമ്മൾ ഒന്നാമത്തെ കൊറോണക്കുന്ന് കയറിയിറങ്ങും. ഓണം സമാധാനമായി ആഘോഷിക്കാം (ആഘോഷിക്കണം). എന്നിട്ട് എങ്ങനെയാണ് ജനജീവിതം സാധാരണഗതിയിൽ ആക്കുന്നത് (നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ), കേരളത്തിനുള്ളിലെങ്കിലും ടൂറിസം വർധിപ്പിക്കുന്നത്, തിരിച്ചു വന്ന പ്രവാസികളുടെ സഹായത്തോടെ സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടത് എന്നൊക്കെ ചർച്ച ചെയ്യാം.പക്ഷെ നിയന്ത്രണങ്ങൾ കുറക്കുമ്പോൾ കേസുകൾ കൂടും, വീണ്ടും, വീണ്ടും നിയന്ത്രണങ്ങൾ വേണ്ടി വരും. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഇതൊരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തോൺ ആണ്. ക്ഷമയും സ്റ്റാമിനയും ഉണ്ടായേ പറ്റൂ.ഈ വിഷയത്തിൽ സർക്കാരിന്റെ തീരുമാനം എന്ത് തന്നെ ആണെങ്കിലും വ്യക്തിപരമായും സ്വന്തം കുടുംബത്തിന്റെ സുരക്ഷക്കും വേണ്ടി ആഗസ്ത് മാസത്തിൽ എങ്ങനെയാണ് നിങ്ങൾ സ്വയം ലോക്ക് ഡൌൺ സ്ട്രാറ്റജി നടത്തേണ്ടത് എന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. അത് മറക്കേണ്ട. ഇനിയുള്ള ഒരു മാസം എത്ര കുറച്ച് ആളുകളെ നിങ്ങൾ കാണുന്നുവോ അത്രയും കുറച്ച് സാധ്യതയാണ് നിങ്ങൾക്ക് രോഗം വരാനുള്ളത്. സാമൂഹിക അകലം, കൈ കഴുകൽ, മാസ്ക് ഇതൊന്നും മറക്കേണ്ട. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും ശ്രദ്ധിക്കുക.മുരളി തുമ്മാരുകുടി
കേരളം വീണ്ടും ആയിരം കടക്കുമ്പോൾ ആയിരത്തിന്പ്ര മുകളിൽ ഉയർന്ന പ്രതിദിന കൊറോണക്കേസുകൾ രണ്ടു ദിവസം താഴേക്ക് വന്നതിന്..