ജനങ്ങളുടെ ദുരിതം കുറയും. കാസർകോട് ജനറൽ ആശുപത്രിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും സ്മാർട്ടാകുന്നു.
കാസർകോട് : ആരോഗ്യ വകുപ്പിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 2 ആശുപത്രികൾ നവീകരിക്കാനായി വിനിയോഗിച്ചത് 1.73 കോടി രൂപ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് വിവിധ പ്രവർത്തികൾ നടത്തിയത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
നിലവിലെ ജില്ലാ ആശുപത്രികളിലെ ഒപി, അത്യാഹിത വിഭാഗങ്ങളിലെ തിരക്ക്, ഭൗതിക സാഹചര്യങ്ങളിൽ ഉള്ള കുറവ്, സേവനങ്ങളിലെ ഗുണമേന്മയിലുള്ള അപര്യാപ്തത എന്നിവ മറികടക്കാനാണ് ആർദ്രം പദ്ധതിയിലൂടെ ജില്ലാ, ജനറൽ ആശുപത്രികളിൽ സർക്കാർ ലക്ഷ്യമിടുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി 1.33കോടി രൂപയുടെ ഒപിഡി ട്രാൻസ്ഫോർമേഷൻ സിവിൽ വർക്ക് പൂർത്തീകരിച്ചു.
ഇതിന്റെ വൈദ്യുതീകരണം പൂർത്തിയാകാനുണ്ട്. ഫാർമസിയും വിപുലീകരിച്ചു. ഇതിലൂടെ ജില്ലാ ആശുപത്രിയിൽ കാലാകാലങ്ങളിലുള്ള ഒപിയിലും ഫാർമസിയിലുമുള്ള തിരക്ക് കുറയ്ക്കാനാകും. കൂടാതെ നബാർഡ് ഫണ്ടിൽ നിർമിച്ച പുതിയ ബിൽഡിങിലേക്കുള്ള ഫർണിച്ചറും ആർദ്രം പദ്ധതിയിലൂടെ ജില്ലാ ആശുപത്രിക്ക് ലഭിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ള പുതിയ തസ്തികയിലേക്ക് ജീവനക്കാരെ അധികമായി നിയമിച്ചു.
കാസർകോട് ജനറൽ ആശുപത്രി
ജനറൽ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ പഴയ വനിതാ വാർഡ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. കേരള ഹൗസിങ് ബോർഡ് ആണ് പണി ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ഒപി. ടിക്കറ്റ് കൗണ്ടർ, പണം അടക്കാനുള്ള കൗണ്ടർ, ജനറൽ ഒപി, ചർമരോഗം തുടങ്ങിയ ഒപികൾ, അൾട്രാസൗണ്ട് സ്കാൻ എന്നിവയാണ് കെട്ടിടത്തിലുള്ളത്. കാത്തിരിക്കുന്നവർക്കുള്ള ശുചി മുറികൾ, ഭിന്നശേഷി കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ശുചി മുറി എന്നിവ ഇവിടെയുണ്ടാകും.
ലഘു പാനീയ സ്റ്റാളും ഇവിടെ ആരംഭിക്കും. ഒപികൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നതിനാൽ കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നു. എയർ പോട്ട് സ്റ്റൈൽ കസേരകൾ, എക്സിക്യൂട്ടീവ് കസേരകൾ, മേശകൾ, എന്നിങ്ങനെ 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും ആർദ്രം പദ്ധതിയുടെ ഭാഗമായി ജനറൽ ആശുപത്രിക്ക് ലഭിച്ചു. 10 ഡോക്ടർമാരുടെയും 10 സ്റ്റാഫ് നഴ്സ്മാരുടേയും മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയന്റേയും ഡെന്റൽ മെക്കാനിക്കിന്റേയും തസ്തിക പുതുതായി പദ്ധതിക്കു കീഴിൽ സൃഷ്ടിക്കപ്പെട്ടു.