ഇംഫാല്‍: കോൺഗ്രസിന് മണിപ്പൂരിലും തിരിച്ചടി. ഇംഫാല്‍ മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് കൗൺസിലർമാവും വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ട്. കൗണ്‍സിലര്‍മാര്‍ക്കു പിന്നാലെ കോണ്‍ഗ്രസിലെ ചില എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ മണിപ്പൂരിൽ കോൺഗ്രസ് വീണ്ടും ദുർബലമാകും.
കോണ്‍ഗ്രസില്‍ ചേരുന്നതിനായി മൂന്ന് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് രാജിവെച്ചത് ഒരു മാസം മുമ്പാണ് . ബിജെപി സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ എന്‍പിപി സര്‍ക്കാരിനെതിരെ ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.ആ സാഹചര്യമാണ് മാറിമറിഞ്ഞത്.
എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടുചെയ്തെന്ന ആരോപണത്തില്‍ രണ്ട് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ കൂടുതല്‍ വിമത ശബ്ദങ്ങളുയരുന്നതെന്നാണ് സൂചന.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എംഎല്‍എമാരായ ഒക്രം ഹെന്റി, ആര് കെ ഇമോ സിങ് എന്നിവര്‍ക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
60 അംഗ നിയമസഭയിൽ 28 അംഗങ്ങളുള്ള കോൺഗ്രസ് ആണ് വലിയ കക്ഷി്യെങ്കിലും 21 അംങ്ങളുള്ള ബിജെപി നാലംഗങ്ങൾ വീതമുള്ള എൻപിപി , എൻപിഎഫ് എന്നിവയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു.