ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സി നഗരത്തിലെ പ്രമുഖ കൊവിഡ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്നുവെന്ന് കൊവിഡ് രോഗിയുടെ വീഡിയോ സന്ദേശം. ഹോസ്പിറ്റലില്‍ നിന്ന് മാറ്റണമെന്ന് വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ട ശേഷം ഇയാള്‍ മരണമടഞ്ഞു. ഇയാളുടെ മരണശേഷമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
52 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നത്. വീഡിയോയില്‍ രോഗി ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്നതും കാണാം.
ഇവിടെ വെള്ളമില്ല. യാതൊരു ക്രമീകരണങ്ങളോ പരിചരണമോ ഇല്ല. ഇവിടെ കിടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. എന്നെ വേറേ ആശുപത്രിയിലേക്ക് മാറ്റു- എന്നായിരുന്നു വീഡിയോയിലൂടെ കൊവിഡ് രോഗി ആവശ്യപ്പെട്ടത്.
കൊവിഡ് വാര്‍ഡ് കാണിക്കാനായി അദ്ദേഹം ക്യാമറ നീക്കുമ്പോള്‍ മറ്റ് രോഗികള്‍ അടുത്തടുത്തായി കിടക്കുന്നതും കാണാം.
എന്നാല്‍ വീഡിയോ ഷൂട്ട് ചെയ്ത് സമയവും അദ്ദേഹം മരിച്ച സമയത്തിന്റെ കാര്യത്തിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മരിച്ച രോഗിയുടെ ഭാര്യയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഝാന്‍സിയിലെ മറ്റൊരു ഹോസ്പിറ്റലില്‍ അവരെ പ്രവേശിപ്പിച്ചിട്ടുണ്ട്- ഝാന്‍സി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജി കെ നിഗം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ വീഡിയോയിലെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നേരത്തേയും യുപിയിലെ കൊവിഡ് ആശുപത്രികളെപ്പറ്റി ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ രോഗികളോട് വളരെ മോശമായി പെരുമാറിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.