‘മഹാറാണി ജിന്‍’: കേരളത്തിലെ സ്ത്രീ പോരാട്ടങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് അയര്‍ലന്റില്‍ ഒരു ‘വിപ്ലവ സ്പിരിറ്റ്’
ഡുബ്ലിന്‍ : കേരളത്തിലെ സ്ത്രീ പോരാട്ടങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് അയര്‍ലന്റില്‍ ‘വിപ്ലവ സ്പിരിറ്റ്’ പുറത്തിറക്കി ദമ്പതികള്‍. അയര്‍ലന്റില്‍ നിന്നും പുറത്തിറക്കുന്ന ഒരു മദ്യക്കുപ്പിയില്‍ മലയാളത്തില്‍ വിപ്ലവ സ്പിരിറ്റെന്നും, വിപ്ലവ വനിതകള്‍ക്ക് ആദരമെന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കുന്നതാണ് കൗതുകമായിരിക്കുന്നത്.
ഐറിഷുകാരന് റോബര്‍ട്ട് ബാരറ്റും ഭാര്യ മലയാളിയായ ഭാഗ്യയും ആണ് ഡിസ്റ്റിലെറി ഉടമകള്‍. കോര്‍ക്കില്‍ പുതിയതായി ആരംഭിച്ച റിബല്‍ സിറ്റി ഡിസ്റ്റിലെറിയിലാണ് ‘മഹാറാണി ജിന്‍’ ഉല്പാദിപ്പിക്കുന്നത്. കേരളത്തിന്റെ സ്വന്തം ജാതിപത്രിയുടെ സത്തടക്കം ജൈവ കൃഷിയിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടാണ് ജിന്‍ ഉണ്ടാക്കുന്നതെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം.
മദ്യകുപ്പിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ താഴെ ഭാഗത്ത് മലയാളത്തില്‍ ‘വിപ്ലവ സ്പിരിറ്റ്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
മറുഭാഗത്ത് ‘വിപ്ലവ വനിതകള്‍ക്ക് ഞങ്ങളുടെ ആദരം’ എന്ന് ഇംഗ്ലീഷിലും. അതിന് താഴെയായി- സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് കേരളിയന് റിബല്‍ സ്പിരിറ്റെന്നും ഇത് ശക്തിക്കും കരുത്തിനും പേരുകേട്ട കേരളീയ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
പഴയ മരുമക്കത്തായത്തെ ഓര്‍മിപ്പിക്കുന്ന, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിപ്ലവവീര്യം സൂചിപ്പിക്കുന്നതിനായിട്ടാണ് മഹാറാണി എന്ന പേര് തെരഞ്ഞെടുത്തതെന്ന് ഒരു ഐറിഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൂടിയായ ഭാഗ്യ പറയുന്നു.