രണ്ട് ഘട്ട വോട്ടിങ്, സാനിറ്റൈസര്‍, ഓണ്‍ലൈന്‍ പ്രചാരണം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം നിലവില്‍ വരും
തിരുവനന്തപുരം : ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാന ഘടന നിശ്ചയിച്ചു. ഈ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഇവയില്‍ അന്തിമധാരണ ആയിട്ടില്ല. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് അറിയിച്ചു.
കോവിഡ് മഹമാരിക്കിടയില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളം. ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായണ് കേരളത്തില്‍ വോട്ടെടുപ്പ് നടത്തുക. വോട്ടിംഗ് ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെ. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു.
പ്രചാരണ പരിപാടികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. വോട്ടിംഗ് ദിവസവും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. പൊതുസമ്മേളനങ്ങള്‍ക്ക് പകരം മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര് അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. മാസ്ക്,
കൈയുറ,സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്കും മാസ്ക്കും കൈയുറകളും നല്‍കും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും. എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സാനിറ്റൈസറുണ്ടാകും. വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരിനില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും.
75 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍/പ്രോക്സി വോട്ടുകള്‍ അനുവദിക്കും. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്സി വോട്ട് (വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ടിടാം) ചെയ്യാന്‍ അനുമതി നല്‍കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് – മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താല്‍ക്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതിയാകും. 65 വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍/പ്രോക്സി വോട്ട് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ 75 കഴിഞ്ഞവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാധ്യത. 65 കഴിഞ്ഞവര്‍ക്ക് വോട്ടുചെയ്യാന്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ആരോഗ്യവിദഗ്ധരുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് മാസത്തിലാണ് പുറത്തു വരിക. ഓഗസ്റ്റ് രണ്ടാംവാരത്തില്‍ പ്രതീക്ഷിക്കാം. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും പേരുകള്‍ നീക്കാത്തതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ നീക്കുന്ന നടപടികള്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടത്തിവരികയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പെന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അന്തിമധാരണയായിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.