സ്ഥലം കണ്ടെത്തും മുമ്പ് ശബരിമല വിമാനത്താവളത്തിനും കൺസൾട്ടൻസി; ലക്കും ലഗാനും ഇല്ലെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയുടെ വകുപ്പുകളിലാണ് അഴിമതി കൂടുതൽ. ഉദ്യോഗസ്ഥരുടെ അഴിമതിക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: അഴിമതികളും അനധികൃത നിയമനങ്ങളും എണ്ണിപ്പറഞ്ഞ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് മുന്നണി ഭരിക്കുന്ന സര്‍ക്കാര്‍ കേരളത്തിൽ അടിമുടി അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്. ആലിബാബയും നാൽപ്പത്തൊന്ന് കള്ളൻമാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാറിന്റെ പ്രവർത്തനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ വകുപ്പുകളിലാണ് അഴിമതി കൂടുതൽ. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണ്. ഉന്നയിച്ച അഴിമതി ആരോപണങ്ങളിലൊന്നും അന്വേഷണം നടത്താൻ തയ്യാറാകുന്നില്ല. പൊലീസിലെ അഴിമതിയിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചില്ല. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജ് ആണെന്നും യുഡിഎഫ് കാലത്തേക്കാൾ എത്രയോ ഇരട്ടിയാണ് ഇടത് സർക്കാർ നൽകിയ കരാറുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബർഗർ എന്ന കമ്പനിയെയാണ് ശബരിമല വിമാനത്താവളത്തിന്റെ കൾസൾട്ടൻസി കരാർ ഏൽപ്പിച്ചത്. 4.6 കോടി ക്ക് കരാർ ഉറപ്പിച്ച കൺസൾട്ടൻസിക്ക് സ്ഥലം പോലും കാണാൻ കഴിഞ്ഞില്ല. വിമാനത്താവളത്തിനുള്ള സ്ഥലം പോലും കണ്ടെത്തും മുൻപ് എന്തിനാണ് കൺസൾട്ടൻസി എന്നും രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതിക്ക് വേൾഡ് ബാങ്ക് നടപടി നേരിട്ട കമ്പനിയാണ്. കെടുകാര്യസ്ഥതക്കും അഴിമതിക്കും വിവിധ നടപടികളും അന്വേഷണവും നേരിട്ട കന്പനിയെ ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന്റെ കൺസൾട്ടൻസി ഏൽപ്പിച്ചത് ദുരൂഹതയാണ്.
ലക്കും ലഗാനും ഇല്ലാതെ കൺസൾട്ടൻസി കരാറുകൾ നൽകുന്നു. അത് വഴി പിൻവാതിൽ നിയമനം നടത്തുന്നു. റോഡ് നിര്‍മ്മാണക്കിന് പോലും കൺസൽട്ടൻസിയെ ഏൽപ്പിക്കുന്ന വിധം വിചിത്രമായ നടപടികളാണ് കേരളത്തിൽ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.