കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തിങ്കളാഴ്ച 9 മണിക്കൂറിൽ അധികം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടപടിക്ക് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ പുനഃരാരംഭിക്കുന്നത്. ഇന്നലെ കൊച്ചിയിൽ എന്‍ഐഎ ബുക്ക് ചെയ്ത ഹോട്ടലിലാണ് ശിവശങ്കർ തങ്ങിയത്. പനമ്പള്ളി നഗറിലെ ഹോട്ടലിൽ ഉദ്യോഗസ്ഥരിൽ ചിലരും ഇന്നലെ തങ്ങിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായി സൗഹൃദമുണ്ടായിരുന്നു എന്നതല്ലാതെ കളളക്കടത്തിനെപ്പറ്റി അറിയില്ല എന്ന നിലപാടാണ് ശിവശങ്കർ എൻഐഎയോടും നേരത്തെ ചോദ്യം ചെയ്ത കസ്റ്റംസിനോടും വ്യക്തമാക്കിയത് എന്നാണ് അറിവ്. ഈ സാഹചര്യത്തിൽ തന്നെ
കളളക്കടത്ത് സംബന്ധിച്ച് ശിവശങ്കരന് അറിവുണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. നിലവിൽ ശിവശങ്കരന് ക്ലീൻ ചിറ്റ് നൽകാറായിട്ടില്ല എന്ന നിലപാടിലാണ് എൻഐഎ.
അതേസമയം, സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ സാക്ഷിയാക്കണോ അതോ പ്രതിയാക്കണോ എന്ന് ഇന്നത്തെ ചോദ്യം ചെയ്യലോടെ തീരുമാനമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വിമാനത്താവളത്തിൽ സ്വർണം പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകള്‍ ഉൾപ്പെടെയുള്ള വിശദാംശങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്. നയതന്ത്ര ബാഗിലുളളത് കളളക്കടത്ത് സ്വർണമെന്നറിഞ്ഞ് ശിവശങ്കർ ഇടപെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് കുരുക്കാവുമെന്നാണ് വിലയിരുത്തൽ.