തിരുവനന്തപുരം: പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്നതിന് സ്വകാര്യ മില്ലുകളില്‍ നിന്നും സംഭരിക്കുന്ന അരി മായം കലര്‍ന്നതാണെന്ന പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി അഴിമുഖത്തോട് വ്യക്തമാക്കി. വിലകുറഞ്ഞ അരിയില്‍ റെഡോക്സൈഡ് അടക്കമുള്ള രാസപാദര്ത്ഥങ്ങള് കലര്‍ത്തിയാണ് സ്വകാര്യ മില്ലുകളില്‍ നിന്നും സ്പ്ലൈക്കോയിലേക്ക് കയറ്റി അയക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു. എറണാകുളം കാലടിയില്‍ സ്ഥിതി ചെയ്യുന്ന മില്ലുകളില്‍ നിന്നാണ് ഇത്തരം മായം കലര്‍ന്ന അരി കൂടുതലായും എത്തിയിരുന്നതെന്നാണ് ആരോപണം. കോവിഡ് കാലത്ത് റേഷന്‍ കടകള്‍ വഴി സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത് ഇത്തരം മായം കലര്‍ന്ന അരിയാണെന്ന പരാതിയും വിമര്‍ശനവും ശക്തമായതോടെയാണ് ഭക്ഷ്യവകുപ്പ് നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
“ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പൊതുവിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ആളുകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. അതിനിടയില്‍ ആരെങ്കിലും കൃത്രിമത്വം കാണിച്ചാല്‍ അവര്‍ക്കെതിരേ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ല”; മന്ത്രി പി. തിലോത്തമന് പറഞ്ഞു. നേരിട്ട് ഇത്തരത്തില്‍ പരാതി കിട്ടിയിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. “പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സപ്ലൈകോയുടെ ക്വാളിറ്റി കണ്ട്രോളര്മാര്ക്ക് വിശദമായ പരിശോധന നടത്താന്‍ നിര്‍ദേശം നല്കി. എല്ലായിടവും പരിശോധിക്കാനാണ് നിര്‍ദേശം. ഇവിടെയെങ്കിലും പരിശോധിക്കാതിരിക്കുകയോ വിട്ടുപോവുകയോ ചെയ്താല്‍ പിന്നീട് വരുന്ന എല്ലാ പരാതികള്‍ക്കും ഉദ്യോഗസ്ഥരായിരിക്കും പൂര്‍ണ ഉത്തരവാദികള്‍”; മന്ത്രി പറഞ്ഞു.
മായം കലര്‍ന്ന അരി കയറ്റി അയയ്ക്കുന്ന മില്ലുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയുണ്ടാകും. മില്ലുകളെ ബ്ലാക് ലിസ്റ്റ് ചെയ്യുന്ന തരത്തിലുള്ള ശക്തമായ ആക്ഷന്‍ ആയിരിക്കും സര്‍ക്കാര്‍ എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. “മോശയമായതോ മായം കലര്‍ന്നതോ ആയ അരി എവിടെയെങ്കിലും വിതരണം ചെയ്തെന്നു കണ്ടെത്തിയാല്‍ ആ അരി എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തും. ഓരോ ചാക്കിലും അതാത് കമ്പനികളുടെ പേര് ഉണ്ടായിരിക്കും. അതില്‍ നിന്നും ഏതു മില്ലില്‍ ആണ് ഇത് ഉത്പാദിപ്പിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കും. അപ്പോള്‍ തന്നെ അവര്‍ കയറ്റി അയച്ച മുഴുവന്‍ ലോഡ് സാധനങ്ങള്‍ തിരിച്ചെടുത്ത് ഗുണമേന്മ ഉറപ്പാക്കിയ സാധനങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും. നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ ഇത്തരക്കാരെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഒരു വിട്ടുവീഴ്ച്ചയും ഇക്കാര്യത്തില്‍ വേണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്”, ഭക്ഷ്യമന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് കിട്ടാന്‍ വേണ്ടി കര്‍ശനമായ നിലപാടുകള്‍ ഭക്ഷ്യവകുപ്പ് സ്വീകരിച്ചു പോരുന്നതു കൊണ്ടാണ് ഗുണമേന്മയുള്ള വസ്തുക്കള്‍ പൊതുവിതരണകേന്ദ്രങ്ങള്‍ വഴി ആളുകള്‍ കിട്ടുന്നത്. ഇനിയും ഇതേ നിലപാട് തന്നെയായിരിക്കും തുടരുകയെന്നും മന്ത്രി പറഞ്ഞു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യവകുപ്പ് വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റുകളിലും ഏറ്റവും മികച്ച വസ്തുക്കള്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുകയെന്നും ജനങ്ങളുടെ ആരോഗ്യം തന്നെയാണ് സര്‍ക്കാരിന്റെയും ഭക്ഷ്യവകുപ്പിന്റെയും മുഖ്യലക്ഷ്യമെന്നും പി. തിലോത്തമന് പറയുന്നു.
ഉള്ളില്‍ ചെന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാരകവിഷപദാര്ത്ഥങ്ങള് അടങ്ങിയ മായമാണ് അരിയില്‍ കലര്‍ത്തുന്നതെന്നാണ് പരാതി. സ്വകാര്യ മില്ലുകളില്‍ ഇത്തരത്തില്‍ വന്‍തോതില്‍ മായം കലര്‍ത്തുന്നുണ്ടെന്നും ഇത്തരം കൃത്രിമത്വങ്ങളിലൂടെ വന്‍ അഴിമതിയും നടക്കുന്നുണ്ടെന്നും പരാതികളുണ്ട്. വില കുറഞ്ഞ സാധാരണ അരി രാസപദാര്‍ത്ഥങ്ങള്‍ പുരട്ടി മട്ട അരിയെന്ന പേരില്‍ കൂടിയ വിലയ്ക്കാണ് ലോഡ് കണക്കിനായി സ്വകാര്യ മില്ലുകള്‍ സ്പ്ലൈകോയ്ക്ക് വില്‍ക്കുന്നതെന്നാണ് വിവരം. സപ്ലൈകോ സ്റ്റോറുകള്‍, റേഷന്‍ കടകള്‍ തുടങ്ങിയ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ജനങ്ങള്‍ വാങ്ങുന്ന ഈ അരി വീട്ടില്‍ കൊണ്ടുവന്നു കഴുകുമ്പോഴാണ് മായം പുറത്തുവരുന്നത്. നിരവവധി പരാതികള്‍ ജനങ്ങളില്‍ നിന്നും ഈവിധത്തില്‍ ഉയരുന്നുണ്ട്. ഇത്തരം മായം കലര്‍ന്ന അരി വാങ്ങുന്നതില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ട്. കുറഞ്ഞ ചെലവില്‍ മില്ലുകള്‍ ഉത്പാദിപ്പിക്കുന്ന അരി സപ്ലൈകോ അവരില്‍ നിന്നും ഏറ്റെടുക്കുന്നത് കൂടിയ വില നല്‍കിയാണ്. ഇതാണ് പിന്നീട് സബ്സിഡി നിരക്കിലും സൗജന്യമായും ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. കോവിഡ് കാലമായതോടെ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ദാരിദ്ര്യരേഖയ്ക്ക് താഴെയും മുകളിലും ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു വരികയാണ്. ഈയവസരത്തില്‍ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ കൂടുതല്‍ ലഭ്യത സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് സ്വകാര്യ മില്ലുകള്‍ കൊള്ളലാഭം ഉണ്ടാക്കാനായി മായം കലര്‍ത്തിയ അരിയും മറ്റും ധാന്യങ്ങളും വില്‍പ്പന നടത്തുന്നത്.
56 സ്വകാര്യ മില്ലുകളുമായിട്ടാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 100 കിലോ നെല്ല് സര്‍ക്കാര്‍ നല്കുമ്പോള് 64.5 കിലോ അരി തിരികെ സപ്ലൈകോയ്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഒരു ക്വിന്റലിന് 214 രൂപ മില്ലുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ മില്ലുകള്‍ ഇവിടെ വന്‍തിരിമറി നടത്തുകയാണ് എന്നാണ് ആരോപണം. കര്‍ഷകരില്‍ നിന്നും സംഭരിച്ച് സര്‍ക്കാര്‍ നല്കുന്ന ഗുണമേന്മയുള്ള നെല്ല് അരിയാക്കി അത് വന്‍വിലയ്ക്ക് സ്വകാര്യ അരി മൊത്തക്കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് മില്ലുകാര്‍. പകരം തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന വെള്ള അരി റെഡ്ഓക്സൈഡ് അടക്കമുള്ള മാരകവിഷം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് പോളിഷ് ചെയ്ത് മട്ട അരിയെന്ന വ്യാജേന സപ്ലൈകോയ്ക്ക് നല്‍കും. നന്നായി കഴുുകിയെടുത്താല് കളര്‍ മാറി ഇത് വെള്ളയരിയാകും. ഇതാദ്യമായിട്ടല്ല മട്ട അരിയെന്ന വ്യാജേന റെഡോക്സൈഡ് ചേര്‍ത്ത് പോളിഷ് ചെയ്ത അരി പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തുന്നതും അത് നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നതും. വിജിലന്‍സ് അന്വേഷണങ്ങളിലും ഇത് കണ്ടെത്തിയതാണ്. സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പറയുമ്പോഴും മില്ലുകാര്‍ ഇത്തരം കൃത്രിമത്വം നിര്‍ബാധം തുടരുകയാണ്.