ന്യൂഡൽഹി : എണ്ണവിലയിടിവും കോവിഡ് അടച്ചുപൂട്ടലും കാരണം നടപ്പുസാമ്പത്തികവർഷം ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വരുമാനം 25 ശതമാനം കുറയുമെന്ന് സ്വിസ് ബാങ്ക് യുബിഎസിന്റെ നിഗമനം. 2019–-20ൽ 7,600 കോടി ഡോളര്‍ ഗൾഫില്‍നിന്നെത്തി. 2020–-21ൽ ഇത് 5,500–-6,000 കോടി ഡോളറാകും. ഗൾഫ് വരുമാന ഇടിവ് കേരളത്തെ കാര്യമായി ബാധിക്കും.
ഗൾഫിൽനിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവർഷം മൊത്തം ദേശീയ വരുമാനത്തിന്റെ 2.7 ശതമാനം ഗൾഫ്പണമായിരുന്നു. എണ്ണവിലയിടിവ് ഗൾഫ് രാജ്യങ്ങളെ ബാധിച്ചവേളയിലാണ് കോവിഡിന്റെ വരവ്. എണ്ണവിലയിടിവ് ജിസിസി(ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളുടെ വളർച്ച തളർത്തി. എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ 10 ശതമാനം ഇടിവും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ വരുമാനത്തിൽ ഏഴ് ശതമാനം കുറവിന് കാരണമാകും. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വൻതോതിൽ ജോലി നഷ്ടപ്പെടുന്നുണ്ട്.
ഗൾഫ്വരുമാനം ഇന്ത്യയില്‍ ദാരിദ്ര്യനിർമാർജനം, പോഷകാഹാര ലഭ്യത, വിദ്യാഭ്യാസകാര്യങ്ങൾക്ക് കൂടുതൽ പണം ചെലവിടൽ എന്നീ ഗുണഫലം സൃഷ്ടിച്ചു. ഈ രംഗങ്ങളിൽ തിരിച്ചടിയുണ്ടാകും. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഉയരാനുമിടയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.