കാഞ്ഞങ്ങാട് :ജില്ലയിലെ 20 താൽക്കാലികാശുപത്രികളിൽ 4,366 കിടക്കകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് ഭാഗത്തെ താൽക്കാലികാശുപത്രികൾ സജ്ജീകരിക്കുന്നത്. സിവിൽ ഡിഫൻസ് അംഗങ്ങളും യുവജനക്ഷേമ ബോർഡിന്കീഴിലുള്ള സന്നദ്ധപ്രവർത്തകരുമെല്ലാംപ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നു.
അരയി ഗുരുവനത്തെ കേന്ദ്രീയ വിദ്യാലയത്തിൽ സജ്ജീകരിക്കുന്ന താൽക്കാലികാശുപത്രി, പെരിയ ഗവ. പോളിടെക്നിക് കോളേജ്, പെരിയ സീമെറ്റ് കോളേജ്, കാർഷിക കോളേജ് പടന്നക്കാട്, കേന്ദ്രസർവകലാശാല പടന്നക്കാട് ഹോസ്റ്റൽ, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെല്ലാം ഡിവൈഎഫ്ഐ പ്രവർത്തകരാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്.
സ്വാമിനിത്യാനന്ദ പോളിടെക്നിക് (599), പെരിയ ഗവ.പോളിടെക്നിക് (300), ബദിയഡുക്ക മാർതോമ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യുക്കേഷൻ(60), ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി (100), പെരിയ സി യു കെ ഹോസ്റ്റൽ (300), ഉദയഗിരി കേന്ദ്രീയ വിദ്യാലയം (150), മഞ്ചേസ്വരം ഗോവിന്ദ പൈ കോളേജ് (300) എന്നീ സ്ഥാപനങ്ങളിൽ കോവിഡ് സെന്ററുകൾ സജ്ജീകരിച്ചു.
സിഎഫ്എൽടിസികളുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കാണ്. ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കും മറ്റുമായി ചെമ്മട്ടം വയലിലെ വയോജനകേന്ദ്രം താൽകാലികമായി സജ്ജീകരിക്കുന്ന പ്രവർത്തനങ്ങളിലും യുവജനവളണ്ടിയർമാർ സജീവമായി പങ്കെടുത്തു.