തിരുവനന്തപുരം :സ്വർണക്കടത്ത് കേസിൽ പാർട്ടിക്കെതിരെ ആരോപണമുന്നയിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മൗനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.ഐ.എമ്മും ബി.ജെ.പിയും ധാരണയുണ്ടാക്കിയെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി ഒന്നും നൽകിയില്ല.
വാർത്താസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയാതിരിക്കുകയായിരുന്നതോടെ ‘സിഎം ചോദ്യം കേട്ടില്ലേ’ എന്ന് മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ, ‘ഞാൻ കേട്ടു, മറുപടി അർഹിക്കാത്തതു കൊണ്ട് മിണ്ടാതിരിക്കുന്നതാണ്’ എന്ന് അദ്ദേഹം മറുപടി നൽകി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും നിങ്ങൾക്ക് ഇപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാനാണ് താൽപര്യമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കുറ്റപ്പെടുത്തി.