കൊച്ചി: കാലടി മണപ്പുറത്ത് മഹാദേവ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച പള്ളിയുടെ മാതൃകയിലുള്ള സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ മൂന്നു പ്രതികളോട് കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടു.എട്ടാം പ്രതി അന്താരാഷ്ട ഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി പാലോട് ഹരി, മറ്റ് പ്രതികളായ അനന്തു സന്തോഷ്, കെ.ആര് രാഹുല്‍ എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ രണ്ടാഴ്ച്ചക്കുള്ളില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്.ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയാണ് സിനിമാ പ്രവര്‍ത്തകര്‍ സെറ്റിട്ടതെന്നും പ്രതികള്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും പരത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചെന്നും പ്രോസിക്യൂഷന് അറിയിച്ചു. ഉപാധികളോടെയാണ് ജാമ്യം .
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനും അമ്പതിനായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കാനും കോടതി നിര്‍ദേശിച്ചു .അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. തെളിവു നശിപ്പിക്കരുത്, അന്വേഷണവുമായി സഹകരിക്കണം.വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വിചാരണക്കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി.
ഒന്നാം പ്രതിയായ മേലാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സെറ്റ് തകര്‍ത്തതിലൂടെ എണ്‍പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ക്ഷേത്രത്തിന്റെ മതിലിന് നാശമുണ്ടാക്കിയെന്നും ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടായെന്നുമാണ് കേസ്.